Friday, 26 June 2015

കലഹജീവിതങ്ങളുണ്ടാവുന്നത്

നിങ്ങള്‍ വിചാരിക്കും
കലഹജീവിതങ്ങളുണ്ടാവുന്നത്
എല്ലുന്തിയ
തുകല്‍ രൂപങ്ങളെ കണ്ടിട്ടാണെന്ന്.

മൂക്കട്ടയും തീട്ടവും
ഒട്ടിയുണങ്ങിയ
കറുത്ത രൂപങ്ങളെ കണ്ടിട്ടാണെന്ന്..

മാവുകളിലെ
ഉണക്കക്കൊമ്പുകളില്‍
കായ്ച്ചുകിടന്ന
ദയനീയതകളെ കണ്ടിട്ടാണെന്ന്.

അവരിലെ
യോനിയില്‍ നിന്നുമൊലിച്ച
നിങ്ങളുടെ ശുക്ലം
കണ്ടിട്ടാണെന്ന്...

നിങ്ങള്‍ തീര്‍ച്ചയായും
വിചാരിക്കുന്നുണ്ടാകും
വിപ്ലവകാരികള്‍
ജന്മം കൊള്ളുന്നത്
ശൂലമുനകളാല്‍
വരഞ്ഞ വയറില്‍
വിരിഞ്ഞ മുറിപ്പാടില്‍ നിന്നും
ഒരു പിഞ്ചിളം കാല്
പുറത്തേക്ക് ഉന്തി നില്‍ക്കുന്നത്
കണ്ടിട്ടാണെന്ന്..

അവരുടെ ജീവിതം പോലെ
അങ്ങുമിങ്ങുമെത്താത്ത
നില ടാര്‍പാളിന്‍
വലിച്ചുകെട്ടി
കൂരയാക്കിയിട്ടും
ഒരുതുള്ളി മഴയെപ്പോലും
പുറത്തു നിര്‍ത്താത്ത
കൂരകണ്ടിട്ടാണെന്ന്...

എനിക്കുറപ്പുണ്ട്
നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ടാവും
വിപ്ലവങ്ങള്‍ വസന്തമാകുന്നത്
ഇടിമന്നലുകളായി
പ്രകമ്പിക്കുന്നത്
വലിഞ്ഞൊട്ടി
എല്ലേത് തൊലിയേത്
എന്ന് തിരിച്ചറിയാനാവാത്ത
തുറിച്ച കണ്ണുകളുള്ള
പേരില്‍ ജീവന്‍
നിലനില്‍ക്കുന്ന
ചിലപ്പോള്‍ ജീവനുകളില്ലാതെ
അങ്ങ് കുഴിച്ചിടുന്ന
ശാസ്ത്രീയ നാമങ്ങള്‍പോലുമില്ലാത്ത
ആ കോലങ്ങളെ കണ്ടിട്ടാണെന്ന്...

തീര്‍ച്ചയായും
നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു..
അറുബോറാണെങ്കിലും
ജീവിച്ചുതീര്‍ക്കേണ്ടുന്ന
ഈ ഒരിറ്റുജീവിതത്തോടുള്ള
പ്രതീക്ഷയാണ്
വിപ്ലവകാരികളെ
ഉരുക്കിയെടുക്കുന്ന
ചൂളകള്‍...
കത്തിനശിക്കുമെങ്കിലും
ദാരിദ്രത്തിന്റെ
വിലാപഗാനങ്ങളല്ല,
ദാരിദ്രത്തിലും കൊതിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ
ഇളംകാറ്റിലാണ്
ഒറ്റബുള്ളറ്റില്‍ തീരാന്‍
തയ്യാറായി നിങ്ങളോട്
പൊരുതാന്‍ അവര്‍
ഉള്‍വലിഞ്ഞ കണ്ണുകളും
കവിളുകളുമുള്ള
തലയുയര്‍ത്തി
ഉന്തിയതെങ്കിലും നെഞ്ചുവിരിച്ച്
നേര്‍ത്തതെങ്കിലും നടുനിവര്‍ത്തി
മുഷ്ടിചുരുട്ടുന്നത്...
ആഞ്ഞടുക്കുന്നത്..
ചിലപ്പോള്‍ തോക്കേന്തുന്നത്.

ഞാനും അവനും തമ്മിലുള്ള പ്രണയമാണ് നീ

ഒരു ചിരിയോടെയാണ് നീ പറഞ്ഞത്
നിന്റെ ദൈവം
സ്‌നേഹിക്കപ്പെടാന്‍
എന്തുകൊണ്ടും
അര്‍ഹനാണെന്ന്...

ഫോണിലൂടെയാണെങ്കിലും
എനിക്ക് നിന്റെ
കണ്ണുകളിലെ തിളക്കം
കാണാമായിരുന്നു,
കാണാമറയത്ത്
എന്നെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന
ഒരു പുഞ്ചിരിയെയും.

പുറത്ത് മഴ
തകര്‍ത്ത് പെയ്യുന്ന മഴ.
മരങ്ങള്‍ നിഴലുകളായി
കൊടുംകാറ്റത്ത്
നിറഞ്ഞ്
ചരിഞ്ഞ്
ഒടിയുമാറ്
വളഞ്ഞാടുന്നുണ്ടായിരുന്നു.

എന്റെയുള്ളില്‍
നിന്റെ ദൈവത്തോട്
മുഴുത്ത അസൂയ
കുത്തിക്കയറുന്നുണ്ടായിരുന്നു.

മരങ്ങളുടെ
ഭീതിപ്പെടുത്തുന്ന
നിഴലനക്കങ്ങള്‍
പുറത്ത് മഴയത്തായിരുന്നില്ല.
ഉള്ളില്‍ നിറഞ്ഞുപെയ്യുന്ന
നിരാശയുടെ മഴയിരുളിലായിരുന്നു.

കനത്തും
വീണ്ടും കനത്തും
എന്റെ നോവുകള്‍
മുറിവുകള്‍പോലെ
പഴുത്തൊഴുകുന്നുണ്ടായിരുന്നു.

ഈ അവസാന വരികള്‍ കുറിച്ചിട്ട് രണ്ട്
ദിവസങ്ങളായിരിക്കുന്നു.
ഇതിനിടക്ക്
ചാറ്റല്‍ മഴകളുടെ
പ്രഘോഷമായിരുന്നത്
നിനക്കറിവുള്ളതാണല്ലോ.
ഉള്ളിലും പുറത്തും.
ആകാശവാണി നിലയത്തിന്റെ
പ്രക്ഷേപണം പോലെ
വളരെ അലസമായ,
മസാലകള്‍ തീരെ
ഇല്ലാത്ത ഓര്‍മകള്‍..

പറഞ്ഞു വന്നത്
നിന്റെ ദൈവത്തെ
കുറിച്ചായിരുനു.
അയാളോടുള്ള എന്റെ
മുഴുത്ത അസൂയയെ
കുറിച്ചായിരുന്നു.

നോക്കൂ...
അസാധാരണമാം വിധം
ഇന്നു ഞാന്‍ ക്ഷീണിച്ചിരിക്കുന്നത്.
നിന്നിലെ നിന്നെ
പ്രകാശിപ്പിക്കാന്‍
ഞാന്‍ നന്നേ പാടുപെടുന്നുണ്ട്.
നീ പറഞ്ഞു പറഞ്ഞ്
എന്റെയുള്ളില്‍ പോലും
ആ ചിരി നിറഞ്ഞു നിറഞ്ഞ്
എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു
തുടങ്ങിയിരിക്കുന്നു.

സ്വാര്‍ത്ഥവും പൊള്ളയുമായ
കേവല പ്രണയങ്ങളില്‍
ആ ചിരി ഒരു അസ്സാനിധ്യമാണു.
അല്ല അസ്വസ്ഥമാണു..
ചിലപ്പോഴെങ്കിലും
വല്ലാതെ ചോദ്യങ്ങളായി
അതു രൂപപ്പെടാറുണ്ട്.
നിമിഷങ്ങളുടെ വേഗതകളില്‍
അമ്പുപോലെ
ചീറിയടുക്കാറുണ്ട്.
എന്റെ അടിനാഭിയില്‍ നിന്നും
ഉയര്‍ന്നു പതക്കുന്ന
ഭയത്തെ
അത് ആളിക്കത്തിക്കാറുണ്ട്.
എന്നെ സദാ
ചൊദ്യമുള്ളുകളില്‍
കുരിശു തറക്കാറുണ്ട്...

എന്റെ അസൂയ
നീ നിന്റെ
ദൈവത്തെ കാണുതിലല്ല.
അയാള്‍ക്ക് സ്‌നേഹാര്‍ദ്രമായി
ചുംബനങ്ങളര്‍പ്പിക്കുന്നതിലല്ല.
അയാളുടെ നേര്‍മമായ
മനസിനെ കുറിച്ച്
വാക്കുകള്‍കൊണ്ട്
മാന്ത്രികത
തീര്‍ക്കുന്നതിലല്ല.
അയാളെ നീ
ആവര്‍ത്തിച്ച്
ശല്യം ചെയ്യുന്നതിലുമല്ല.

എനിക്കറിയാം
നിന്റെ ദൈവം
ദൈവമാണെന്ന്
ഞാന്‍ വെറും മനുഷ്യനും..

പിന്നെന്തിനാണ്
നിന്റെ ദൈവത്തോട് എനിക്കിങ്ങനെ...

നീണ്ട നിശബ്ദതകൊണ്ട്,
ഒരു മൂളല്‍കൊണ്ട്
വാക്കുകളെ ആയിരം കാതങ്ങള്‍
ക്കകലെവെച്ചേ തോല്‍പ്പിച്ച്
കാഴ്ച്ചകളെ
ശബ്ദവീചികളെ
അപ്രസക്തമാക്കിക്കൊണ്ട്
അയാള്‍ നിന്നെ
സ്‌നേഹമയിയാക്കുന്നതില്‍...
അയാള്‍ക്കെതിരെ
ഒരു പരാതിപോലും...
അല്ല, ഒരു വാക്കുപോലും
നിന്റെ ഓര്‍മകളില്‍
രേഖപ്പെടുത്താത്ത
ഒരു ചരിത്ര പുസ്തകമായതിന്...
ഒരു മയില്‍പ്പീലിയായതിന്...

Thursday, 25 June 2015

നീ നിന്നെ എന്നില്‍ കൊത്തിവെച്ചത്


ഞാനെന്താണ് നിന്നോട് പറയേണ്ടത്..
എനിക്ക് നിന്നോട് പറയാന്‍
ഇത്രയേ ഉണ്ടായിരുന്നുള്ളു...
വളര്‍ന്ന് കൂര്‍ത്ത നിന്റെ നഖം
എന്റെ ഉള്ളം കയ്യെ നോവിച്ചു...
വേദനയില്‍ ഞാന്‍ നിശബ്ദനായി.
നഖമടയാളങ്ങളില്‍
ഞാന്‍ തടവി...
നീ നിന്നെ എന്നില്‍
കൊത്തിവെച്ചത്
അപ്പോഴാണ് ഞാനറിഞ്ഞത്.
വിരലോട്ടങ്ങള്‍ക്കിടയിലെ
നേര്‍ത്തൊരു വേദനയായി....

കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉല്‍പ്പത്തി*

ഈ നിശബ്ദതയില്‍
ഞാന്‍ നിനക്കയക്കുന്ന
മിടുപ്പുകളെ
നീ കാണുന്നുണ്ടോ?
നിനക്കെന്റെ
കനലാഴങ്ങളെ
അവ വിവരിച്ച് തരുന്നുണ്ടോ?

എന്റെ നൊമ്പരമേ...
ഇരുണ്ട നിലാവില്‍
ഒഴുകിപ്പടരുന്ന
ഇളം നീല മേഘമേ..
എന്റെ മാനത്ത്
ഞാന്‍ വിതച്ച
എന്റെ നക്ഷത്ര സഞ്ചയമേ...

ഇപ്പോള്‍
ഞാന്‍ ഈ തോട്ടത്തിനധിപന്‍
നീ എന്റെ സ്വകാര്യ സ്വത്ത്

എന്റെ ചുംബനങ്ങള്‍
നീര്‍തുടിക്കുന്ന
എന്റെ കാഴ്ച്ചകള്‍
പുന്നാരങ്ങള്‍
പുണരലുകള്‍
നുണയലുകള്‍
നിന്നെ കീഴടക്കുന്ന
എന്റെ മര്‍ദ്ദനോപാധികള്‍..
അതാണെന്റെ
ഭരണകൂടം...

കുടുംബമെന്ന ചിരപുരാതന
മ്യൂസിയത്തെ തകര്‍ത്ത്
നീ എനിക്ക് പണിത
ഈ പുല്‍ വിതാനമുണ്ടല്ലോ...
നിന്റെ പുഞ്ചിരികൊണ്ട് നനച്ചും
ചുംബനംകൊണ്ട് പോറ്റിയും
പുണരലുകള്‍കൊണ്ട്
പരിലാളിച്ചും വളര്‍ത്തിയ
ഈ കടുംപച്ച ലാളിത്യം...

അതൊരു സ്‌പെസിമെന്‍തന്നെ..
പ്രണയത്തിന്റെ രാഷ്ട്രീയത്താല്‍
പൊള്ളിച്ചെടുത്ത പുതിയ
കുടുംബമാതൃക..
അവിടെ എല്ലാം
നമ്മളിലേയ്ക്ക് ചിരുങ്ങുന്നു...
ഈ പ്രപഞ്ചമൊന്നായി
ഒരു പച്ചപ്പായ്
നീയും ഞാനും...
അല്ല...
നീയില്ല
ഞാനുമില്ല
നീയായഞാനും
ഞാനായ നീയും മാത്രമടങ്ങുന്ന
ഒരു കുടുംബ ചിത്രം....

--------------
*ഏംഗല്‍സിന്റെ ഒരു ഗ്രന്ഥം

Wednesday, 24 June 2015

നീ ആരെന്നറിയുമോ ?


നീ ആരെന്നറിയുമോ?
നീയെന്റെ പ്രണയപ്പനി.
 വിറച്ചും കിതച്ചും
തള്ളിച്ചയുണ്ടായും
ചൂടുപിടിച്ച് അസ്വസ്ഥമായിക്കൊണ്ടിരിക്കും

നീ ആരെന്നറിയുമോ?
എന്റെ എന്റെ എന്റെ ..
എന്റെ മാറാവ്യാഥി..
എന്റെ നെഞ്ചകത്തിലെ തുടിപ്പ്...              
സുഖമുള്ള സൂചിമുന മുറിവ്..

നീറ്റലും തുന്നലും
നീ തന്നെ...
വേദനയും സുഖവും
നീ തന്നെ
പ്രണയവും കാമവും
നീ തന്നെ
പ്രാണനും ശ്വാസവും
ശ്വാസം മുട്ടലും
നീ തന്നെ ..

പ്രണയച്ചൂടില്‍.. , ഹൊ !
ഞാനുരുകിയൊഴുകിയൊലിച്ച്...
നീന്റെ കണ്ണീല്‍
തിളങ്ങുന്ന ചൈതന്യത്തില്‍
ഒരു മിന്നു വെട്ടമായി
ലയിച്ചില്ലാതായെങ്കില്‍.




Friday, 12 June 2015

ഇപ്പോള്‍ ഞാന്‍ ഈ വളവില്‍ ആരെയോ കാത്ത് നില്‍ക്കുന്നു.

എത്ര നിസ്സഹായതയാണ്
എനിക്ക്..
ഇവിടെ ഈ തുരുത്തില്‍
നിര്‍ത്തി
നീ മൗനത്തിലൊളിക്കുമ്പോള്‍..
ഇരുളിലേയ്ക്ക് മുങ്ങാംകുഴിയിടുമ്പോള്‍
പകച്ചു നില്‍ക്കുന്ന
ഒരു കുഞ്ഞിനെ
നീ മറക്കുന്നു...
ഇരുട്ടിനെ ഭേദിക്കാനുള്ള
ആയുദ്ധങ്ങളൊന്നും
നീയെനിക്കു തന്നില്ല..
മൗനത്തെ തുരക്കാനുള്ള
ഒരു ശബ്ദ വീചിപോലും

കാഴ്ച്ചകളില്‍
നീ പടര്‍ത്തിയ
മഷിക്കൂട്ടിലും
നിന്റെയും എന്റെയും
ഇഷ്ട നിറം
കറുപ്പ്...

ഇപ്പോള്‍
ഞാന്‍ ഈ വളവില്‍
ആരെയോ കാത്ത് നില്‍ക്കുന്നു.
എന്റെപ്പമുള്ള
താടിവളര്‍ത്തിയ
ഈ കിഴവനോ
എന്നെ പഴിച്ചുകൊണ്ട്
നില്‍ക്കുന്നു...
അയാള്‍ക്കും
കാല്‍ കഴച്ചു തുടങ്ങിയിട്ടുണ്ടാവും.
അയാളും നിസ്സഹായനാണ്..
നീയൊറ്റക്കാക്കിയവരുടെ കൂട്ടത്തില്‍..

'യാ ഹുദാാ...
യാ ഹുദാാ...
ഇവന്‍ പരാജിതന്‍..
ഇവന്‍ തോല്‍വികളെ
മാത്രം പുല്‍കുന്നവന്‍
ഇവന്റെ ചില്ലകളില്‍
കൂടുകൂട്ടിയ പക്ഷിക്ക്
പരാജിതന്റെ
ഹൃദയം നല്‍കിയതെന്തിന്?

അയാള്‍ പാടുന്നു...
വിഷാദമധുരമായ
ഈണത്തില്‍..
കണ്ണുകളീറനണിഞ്ഞു ...

ഹൊ ചുറ്റും നോക്കാന്‍ തന്നെ ഭയമാണ്..
നിന്റെ അഭാവം തീര്‍ക്കുന്ന
കഠിന ഭാരമാണതിന്..
നിന്റെ നിശബ്ദത പൂക്കുന്ന
ഭയപ്പെടുത്തുന്ന താളം...
തുടിപ്പ്, വേദന, ശ്വാസം.
എത്ര കഠിനം  ഇവിടെ ജീവിക്കാന്‍...


Tuesday, 9 June 2015

നീ, ഞാന്‍, നിന്റെ ദൈവം : ഒരു മത്സരത്തിന്റെ തുടക്കം

ഇപ്പോള്‍ നീയൊരു
തപസ്വിനിയാണ്..
കണ്‍പോളകള്‍ കൂര്‍പ്പിച്ച്
ധ്യാനനിരതയായി
നീ ഇരുട്ടില്‍..
ധ്യാനിക്കുന്നതും ഇരുട്ടിനെ..
നിന്റെ നിഴല്‍
ഒരു ബുദ്ധന്‍ തന്നെ.

നിന്റെ ധ്യാനം
അകലങ്ങളില്‍
നിനക്കായി ധ്യാനിക്കുന്ന
എന്റെ ചിന്തകളെ വലിച്ചടുപ്പിക്കുന്നു.
നിന്റെ ധ്യാനം എന്റെ
ഓര്‍മകളെ മെരുക്കിയെടുക്കുന്നു.

ഇപ്പോള്‍ മത്സരമാണ്
ഞാനും അവനും തമ്മില്‍..
അവന്‍ ദൈവമാണ്
ഞാന്‍ മനുഷ്യനും.
അവന്‍ സൃഷ്ടാവാണ്.
ഞാന്‍ സൃഷ്ടിയും.
അവന്‍ എന്തിനും പോന്നവനാണ്.
ഞാന്‍ മെല്ലിച്ച ശരീരത്തിനുടമയും.
അവന്‍ ചിന്തകളെ പോലും നിയന്ത്രിക്കുന്നവനാണ്.
ഞാന്‍ ചിന്തിക്കുകമാത്രം ചെയ്യുന്നവനും.

പക്ഷെ എനിക്കുറപ്പുണ്ട്.
പരാജയം അവന്റേതുമാത്രം.
എനിക്കുറപ്പുണ്ട്
യുദ്ധത്തില്‍ ദൈവത്തിനു വിധിച്ചതാണ്
ദുരന്തപൂര്‍ണമായ
മരണം.

ഇപ്പോള്‍ എന്റെ
ഓര്‍മകള്‍ നിന്റടുത്ത്
അവര്‍ണമായ
ചിറകുകളോടെ
പാറിപ്പറക്കുന്നു..
മിന്നാമിനുങ്ങിന്റെ വെട്ടമുള്ള
ശലഭങ്ങളായി..

ഇപ്പോള്‍ എന്റെ
മന്ത്രണങ്ങള്‍
നിന്നെ വട്ടമിട്ടുപറക്കുന്നു.
ചെറുപ്രകാശ
വൃത്തങ്ങളായി..

നീ ഇപ്പോഴും ധ്യാനത്തിലാണ്.
നീ പ്രണയഭിക്ഷു.

ദൈവം എന്നോട്:
'നീ വിശ്വസിക്കുന്നുണ്ടോ
പ്രണയ നിരതമായ ധ്യാനത്തിനൊടുവില്‍
അവള്‍ നിര്‍വാണം പ്രാപിക്കുമെന്ന്?'

ഞാന്‍ ദൈവത്തോട്:
'പ്രണയ നിര്‍വ്വാണം
അവള്‍ക്കുമാത്രമുള്ളതല്ലോ.
അതവളുടെ ഹൃദയം നിര്‍മ്മിക്കുന്നത്.
അതില്‍ നിനക്കെന്ത് കാര്യം?'

ദൈവം ചിരിക്കുകമാത്രം ചെയ്തു.
എനിക്ക് തെല്ലൊരഹങ്കാരമായിരുന്നു.

ദൈവം എന്നോട്:
'നിനക്കറിയില്ലെ?
നിര്‍വാണമെന്നാല്‍
എന്നിലേയ്ക്കുള്ള
ലയനമാണെന്ന്?'

ഞാന്‍ ദൈവത്തോട്:
'അത് നിന്റെ
കരുതല്‍ മാത്രം.
നിന്റെ സ്വകാര്യ അഹങ്കാരം മാത്രം.
നിര്‍വാണമെന്നാല്‍
അവള്‍ അവളില്‍
ലയിക്കുന്ന
പ്രപഞ്ച പ്രതിഭാസം.'

അപ്പോഴും എന്റെ അഹങ്കാരത്തിന്
അല്പവും ശമനമുണ്ടായില്ല.

ദൈവം എന്നോട്:
'നിനക്ക് ഉറപ്പില്ലല്ലോ
അവളുടെ നിര്‍വാണം
നിന്റെ വിജയമാണെന്ന്.
അവള്‍ ആത്മത്തിലേയ്ക്കല്ലേ
പോകുന്നത്?'

ഞാന്‍ ദൈവത്തോട്:
'മൂഢാ...
മൂന്ന് ലോകങ്ങള്‍ക്കും
അധിപനാണെന്ന
അഹങ്കാരമേ...
താങ്കള്‍ മറന്നിരിക്കുന്നു.

അവളുടെ ആത്മം
ഞാനാണെന്ന സത്യം.
അഥവാ അവള്‍
ഞാന്‍ തന്നെയാണെന്ന സത്യം.'

ദൈവം ചിരിക്കുകമാത്രം ചെയ്തു.
എനിക്ക് ദേഷ്യമാണ് തോന്നിയത്.
ഞാന്‍ പച്ചയായ മനുഷ്യനായിരുന്നല്ലോ.

അപ്പോള്‍
നീ കണ്ണു തുറന്നു.
നിന്റെ കണ്ണുകള്‍ക്ക്
വല്ലാത്ത തിളക്കമുണ്ടായിരുന്നു..
ചുറ്റിലും പെട്ടെന്ന്
പ്രകാശം നിന്റെ ദേഹത്തുനിന്നും
പ്രസരിക്കാന്‍ തുടങ്ങി..
നിന്റെ മൊഴികള്‍
നിശബ്ദതയില്‍ തേനായൊഴുകി..

'ദൈവമേ..
ഞാന്‍ നിന്നെ പ്രണയിക്കുന്നു...
നിന്നിലലിഞ്ഞ്
നിര്‍വാണം പ്രാപിക്കുന്നു..
നിന്റെ ചൈതന്യത്തിലേയ്ക്ക്
ആഴങ്ങളിലേയ്ക്ക്
ഞാന്‍ പറന്നുപോകുന്നു..
നശ്വരതകളെ
കുടഞ്ഞെറിയുന്നു...'

പെട്ടെന്ന്
എന്റെ ദേഹം മുറിയാന്‍ തുടങ്ങി..
മുറിവില്‍ നിന്നും
പ്രകാശം പരക്കാന്‍ തുടങ്ങി..
ഞാന്‍ കഷ്ണങ്ങലായി പിളരാന്‍ തുടങ്ങി..
എന്റെ മനം തളിര്‍ക്കാന്‍ തുടങ്ങി..
ഹൊ.. ഞാന്‍ അനുഭൂതികളിലേയ്ക്ക്
ചേക്കേറാന്‍ തുടങ്ങി...
അതെ അവള്‍ നിര്‍വാണം
പ്രാപിക്കുകയായിരുന്നു..
ഞാനവനിലലിഞ്ഞ്,
അലിഞ്ഞ്...
അവളും ഞാനും
മായ്ഞ്ഞ് മായ്ഞ്ഞ്..

അപ്പോഴും ദൈവത്തിന്റെ ചുണ്ടുകളില്‍
നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.
ഒരു പരാജിതന്റെ പുഞ്ചിരി...


പ്രിയേ നിന്റെ ഹൃദയത്തിലെന്നെ തടവിലാക്കൂ..

എവിടെ നമ്മുടെ ഹൃദയങ്ങള്‍?
അവ എങ്ങോട്ടാണ്
പറന്നുപോകുന്നത്..
അവയ്ക്ക് അത്രമേല്‍
സ്വാതന്ത്ര്യം നല്‍കിയതാരാണ്?
കെട്ടിമറിഞ്ഞ്, പരസ്പരം ചുംബിച്ച്
ഇണചേര്‍ന്നവ പറക്കുന്നത്
ഏതു ദിക്കിലേയ്ക്ക്?

പ്രിയേ എനിക്ക് ഇപ്പോള്‍ ഭയമാകുന്നു.
നമ്മുടെ ഹൃദയങ്ങള്‍
തീര്‍ക്കുന്ന പറുദീസയില്‍
ഭയമേതുമില്ലാതെ നമ്മള്‍
പ്രവേശിക്കുന്നതെന്ന്..
ശരീരം നമ്മളെ വല്ലാതെ
തടവിലാക്കുന്നല്ലോ.
ചുറ്റും അഴികള്‍
മാത്രമാണല്ലോ..

നമുക്കെന്നാണ്
ഈ തടവറ ഭേദിക്കാനാവുന്നത്?
ഇതിന്റെ ബലിഷ്ഠ ഭിത്തികള്‍
നമ്മുടെ പ്രണയാതുര ഹൃദയങ്ങള്‍ക്കു
മുന്നില്‍ അറയറ പറയുമെന്നോ?
നിന്റെ ഉഷ്ണവായു
എന്റെ കവിളുകളെ
തഴുകുന്നതെന്ന്?
നിന്റെ മൂക്കുത്തി എന്റെ ചുണ്ടുകളെ
മുത്തുന്നതെന്ന്?
നിന്റെ കണ്‍പീലികള്‍
എന്റെ മൂക്കിലൂടിഴയുന്നതെന്ന്..

നിന്റെ പിടക്കുന്ന ശ്വാസം
തിളക്കുന്ന വികാരങ്ങള്‍...
ഇമയനക്കങ്ങള്‍..
വിറകള്‍..
വിയര്‍പ്പുതുള്ളികള്‍..
ശീല്‍ക്കാരങ്ങള്‍..
നീയൊരു പൂവായ് വിരിഞ്ഞ്
മണംപരത്തുന്നത്...
നിന്നില്‍ ഒരു വസന്തം മുഴുവന്‍
കത്തിജ്വലിക്കുന്നത്
എനിക്കനുഭവിക്കാന്‍ മോഹം..

പ്രിയേ..
ഇതൊരു നരകം തന്നെ..
ഈ ശരീരത്തിന്റെ എല്ലാ
ഭരങ്ങളും നരകം തന്നെ.
ഹൊ!!! സ്വതന്ത്രമാകാതെ,
ചങ്ങലകളിലിങ്ങനെ..
മടുത്തു...
നിന്നരികിലേയ്ക്ക്
പാറിവരണമെനിക്ക്..
നിന്റെ പാദങ്ങളില്‍
ചുംബിക്കണമെനിക്ക്..
നിന്റെ ആത്മാവായി
ഒരു വണ്ടിനെ പോലെ
മുളണമെനിക്ക്..

ഹൃദയമേ...
നിന്നിലടിഞ്ഞുകൂടുന്ന
തോന്ന്യാക്ഷരങ്ങളായി
നിന്നിലലിഞ്ഞടിയുന്ന
പ്രണയ നീരുകളായി
പരിണമിക്കണം..

ഇതെന്റെ ജാതകം..
ഇതെന്റെ വിധി..
ഇതെന്റെ നിശ്ചയം.

പ്രിയേ ഈ ശരീരത്തില്‍
നിന്നുമെന്നെ സ്വതന്തനാക്കൂ..
എത്രയും പെട്ടെന്ന്...
എത്രയും പെട്ടെന്ന്
നിന്റെ ഹൃദയത്തിലെന്നെ
ശ്വാസം പോലുംമെടുക്കാനാവാത്ത വിധം
തടവിലാക്കൂ..
എനിക്ക് സ്വാതന്ത്രയം നല്‍കു..
മറ്റാരുടേയും സ്വാന്ത്ര്യ
മെനിക്കുവേണ്ടാ...



Saturday, 6 June 2015

ഞാന്‍ ജീവിക്കുകയാണ്. പൂക്കുകയാണ്..

നിന്നെ ഞാനെന്റെ
ഉള്‍ത്തുടിപ്പുകൊണ്ട് പ്രണയിക്കുന്നു..
ഇപ്പോള്‍ സത്യം,
നീയെന്റെ കാലം തന്നെയാണ്..
നോക്കൂ.. ഞാന്‍ ജീവിക്കുകയാണ്.
പൂക്കുകയാണ്..
തളിര്‍ക്കുകയാണ് നിന്നിലൂടെ..
എന്റെ വാക്കുകള്‍
എന്റെ വികാരങ്ങള്‍...
എന്റെ തലച്ചോറ് മൊത്തത്തില്‍
ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നീമാത്രമാണ് പ്രിയേ..

ഇപ്പോള്‍ നീയെന്റെ കാലമാണ്

എന്റെ പ്രിയേ
ഇപ്പോള്‍ നീയെന്റെ
കാലമാണ്...
ഞാന്‍ ജീവിച്ചിരിക്കുന്നു
എന്ന കൃത്യമായ
അടയാളപ്പെടുത്തല്‍.
കാലത്തിന് ജീവിതത്തില്‍
എത്രമാത്രം കാര്യമുണ്ട് എന്ന്
നീമാത്രമാണ് എനിക്ക്
ബോധ്യരപ്പെടുത്തതരുന്നത്.
എന്റെ ഊഷ്മളമേ..
എന്റെ നിമിഷാര്‍ത്ഥമേ...
നീയാണ് ഞാനെന്ന്
എന്റെയുള്ളിലെ റൂമി
ആവര്‍ത്തിക്കുന്നു...
മന്ത്രിക്കുന്നു..
അവന്‍ എന്റെയുള്ളില്‍
ത്വവാഫ് ചെയ്തുകൊണ്ടേയിരിക്കുന്നു...
മരണത്തിന്റെ കയങ്ങളില്‍ നിന്നും
അവന്‍ എന്നെ ഇപ്പോള്‍
രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അവന്‍ നീയത്രേ..

ഒരു പരാജിതന്റെ കാവ്യജാതകം

ഇപ്പോള്‍ ഞാന്‍ പ്രണയത്തെ പറ്റി
സംസാരിച്ചു തുടങ്ങിയത്
ഏതോ നിഗൂഢതയില്‍ നിന്നും
തളിര്‍കാറ്റുപോലെ
നീകടന്നുവന്ന്
എന്നെ കുളിരണിയിച്ചതിനു ശേഷം
മാത്രമാണ്.

എനിക്ക് ഇപ്പോള്‍
ഒരു രാഷ്ട്രീയമാറ്റം വന്നിരിക്കുന്നു.
തെറ്റായതെല്ലാം ശരിയായും
ശരിയായതെല്ലാം തെറ്റായും
മാറുന്നു..
എന്റെ ലോകം നീ
നിന്റെ ഒറ്റ ചുംബനത്താല്‍
കീഴ്‌മേല്‍ മറിച്ചിട്ടുകളഞ്ഞു.

ഇപ്പോള്‍
നമ്മള്‍ സംസാരിക്കുന്നത്
മറ്റേതോ ഭാഷ.
കൈമാറുന്നത്
മറ്റേതോ വികാരങ്ങള്‍..

ഊഷ്മളതയെ പ്രണയിച്ചിരുന്ന ഞാന്‍
ഇപ്പോള്‍ അതിശൈത്യത്തെ ധ്യാനിക്കുന്നു.
ആള്‍ക്കൂട്ടത്തെ സ്വപനം കണ്ട ഞാന്‍
നിന്നില്‍ മാത്രം അഭയം കൊള്ളുന്നു.
എവിടെയോ എങ്ങോ ഒരു നനുത്ത വേദന..
പിടപ്പ്... തളര്‍ച്ച... മടുപ്പ്..

പ്രിയേ.. ഇപ്പോള്‍ നീമാത്രമാണ് ഒരു പച്ചപ്പ്...
തിളക്കമില്ലാത്ത പകലുകളില്‍ ഒരു ചെറുമഴ...
നിരാകരണത്തിന്റെ രാത്രികളില്‍ ഒരു ചെറു നിലാവ്...
തളര്‍ന്നുറങ്ങാന്‍ മോഹിക്കുമ്പോഴും
പേക്കിനാക്കള്‍ക്ക് വിട്ടുകൊടുക്കാതെ
നീ സൃഷ്ടിക്കുന്ന ഒരു സംരക്ഷിതവലയമുണ്ടല്ലോ..
മടുപ്പില്ലാതെ എന്റെ ഉറക്കത്തിന്
നീ നല്‍കുന്ന കാവല്‍...
പ്രിയേ ...
നിന്റെ ദയാവായ്പ്പ്...
നിന്റെ ദയാവായ്പ്പ്...

ഞാന്‍ തളരുന്നു... എനിക്കിനി
കരുത്തിന്റെ തുടിപ്പുകളല്ല.
പ്രസാദമില്ല.
തിളക്കമില്ല.

എന്റെ കവി,
പ്രേമ ഗായികാ...
നീ പാടുന്നഗാനങ്ങള്‍ക്കെന്തേ
നെരിപ്പോടിന്റെ താളം.. ചൂട്...
നിന്റെ കവിതകളെന്തേ
സമൃതിമണ്ഡപങ്ങളെ കുറിച്ച്
വിലാപകാവ്യങ്ങളായി
നീറിത്തുടിക്കുന്നു.
എന്നിലെ സൂഫി
നീ എന്നുമുതലാണ്
മരണഗീതകങ്ങള്‍ക്ക്
സൗന്ദര്യം നല്‍കിത്തുടങ്ങിയത്...

നിര്‍ത്തട്ടെ ഉള്ളില്‍
തിളക്കം നഷ്ടപ്പെട്ടവന്റെ
ഈ വിലാപ കാവ്യം...
ഇത് ഒരു പരാജിതന്റെ
കാവ്യജാതകം..

പുതിയ പുലരികള്‍ക്കായല്ല ഇന്നെന്റെ തപം

പുതിയ പുലരികള്‍ക്കായല്ല
ഇന്നെന്റെ തപം.
പുതുതായി ഒന്നും
ഉണ്ടാകാന്‍ പോകുന്നില്ല.
പീഢാനുഭവങ്ങളില്‍
തരിമ്പും വേദനയില്ല..
ഊര്‍ജങ്ങള്‍ക്ക് ഇന്നെന്റെ
തരിശുനിലങ്ങളില്‍
ഒന്നും ചെയ്യാനില്ല.
നൈരാശ്യത്തിന്റെ വീഞ്ഞ്
മോത്തിക്കുടിക്കുന്നവന്
മറ്റ് ലഹരികള്‍ എന്തിന്?
പ്രിയേ... നിന്നോട് സ്‌നേഹം..
കടപ്പാടില്ല..
അതിന്റെ ആവശ്യം
നിനക്കുമില്ലല്ലോ...
വരു ഇപ്പോള്‍ അതെല്ലാം മറക്കൂ..
ഒരു കോപ്പ കള്ളുകൂടി
മോത്തിക്കുടിക്കൂ..
തലയിലെ ഭാരക്കെട്ടുകള്‍
ബാധ്യതകള്‍
തല്‍ക്കാലത്തേക്കെങ്കിലും
ഒന്നിറക്കിവെക്കൂ..
ലഹരിയില്‍ നീ എത്ര സുന്ദരിയെന്നോ..
ചിയേഴ്‌സ്...

Thursday, 4 June 2015

എന്നെ വിജയിച്ച യുദ്ധം

എനിക്ക് വയ്യ..
എന്തായിത്?
ഹൊ നിന്നെ കുറിച്ച് മാത്രേ
ഈ മനസിനു പാടാനുള്ളോ?
അസൂയ.
മുഴുത്ത അസൂയ. നിന്നോട്..

ഈറന്‍ വയലറ്റ് പൂക്കളൈ കുറിച്ച്
എഴുതാനിരുന്നാല്‍ ഉടന്‍
നിന്റെ കണ്ണിനുള്ളിലെ
കൃഷ്ണമണിയുടെ നിറമാണതെന്നും
വിമ്മിട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ
മനസിനും അതേ നിറമാണെന്നും
എഴുതിവെച്ചുകളയും
എന്റെ മനസ്.

സിത്താറിന്റെ
കളകളാരവത്തെകുറിച്ച്
പറയാന്‍ തുടങ്ങിയാല്‍
നാവ് വല്ലാതെ വളയും..
പിന്നെ നിന്റെ സംസാരത്തെ കുറിച്ചാവും
നിന്റെ പ്രണയനാദങ്ങളെ കുറിച്ചാവും
അത് പറഞ്ഞുകൊണ്ടിരിക്കുക.

പുഴയെ കുറിച്ചും
കുഞ്ഞരുവികളെ കുറിച്ചും
കവിത എഴുതാനിരുന്നാല്‍
അപ്പോ കാണാം
നിന്റെ പ്രേമാഭിലാഷങ്ങള്‍
പുഴപോലെ
എന്റെ പേപ്പറില്‍ വിരിയുന്നത്..
കണ്ണടച്ചുള്ള നിന്റെ വിളി
കുഞ്ഞരുവിയായി എന്നെ തലോടുന്നത്..

പ്രിയേ എനിക്ക് നിന്നോടസൂയയാണ്.
കലശലായ അസൂയ.

എന്റെ മനസ് എന്നെ പരാജയപ്പെടുത്തിയത്
നിന്നിലൂടെ മാത്രമാണെന്നറിയുമ്പോള്‍
എന്റെ ആത്മാവ് എന്നെ തോല്‍പ്പിച്ചത്
നിന്നില്‍ കുടിയിരിക്കാന്‍
വെമ്പുന്നതിലൂടെ മാത്രമാണെന്നറിയുമ്പോള്‍
എന്റെ പഞ്ചേന്ദ്രിയങ്ങള്‍ എന്നെ തോല്‍പ്പിച്ചത്
കാണാത്ത, അറിയാത്ത
നിന്നെ കുറിച്ചുള്ള
കുഞ്ഞോര്‍മകളാല്‍ അത്
എന്റെയുള്ളില്‍
ആയിരമായിരം
തൂവാലകള്‍
നെയ്യുന്നതിലൂടെയാണെന്ന്
നിസ്സഹായമായി
തിരിച്ചറിയുമ്പോള്‍
പ്രയേ, എന്റെ ഹൃദയമേ എനിക്ക്
വീര്‍പ്പുമുട്ടുന്നു
കലശലായ അസൂയകൊണ്ട്.
നീ എന്നെ വിജയിച്ച യുദ്ധമല്ലോ...

ഏകാന്ത തടവ്

പ്രിയേ
നിന്റെ ഹൃദയകവാടങ്ങളിലെ
ജാലകങ്ങള്‍
ഒരു കാറ്റും കയറാത്തവിധം,
പ്രകാശം പോലും
കടന്നുവരാത്തവിധം
കൊട്ടിയടക്കൂ..
ഇനിയെന്റെ കണ്ണുകള്‍ മൂടൂ..
വയ് കുത്തിക്കെട്ടൂ.
ചെവി ശബ്ദവീചികളെ സ്വീകരിക്കാനാവാത്തവിധം
തുണി തിരുകിയടക്കു..
എന്നെ നിന്റെ ഹൃദയത്തിന്റെ ജയിലറയിലേക്ക്
വലിച്ചെറിയൂ..
എന്നെ ഏകാന്ത തടവുനു വിധിക്കൂ...



Wednesday, 3 June 2015

ഋതുക്കള്‍ വാക്കുകളല്ല, അനുഭവങ്ങളാണ്..

ഋതുക്കള്‍ വാക്കുകളല്ല.
അനുഭവങ്ങളാണ്..
ഓരോ ഋതുവും ഓരോന്ന്..
നീ തണുത്തും, നനഞ്ഞും, ചൂടുപിടിച്ചും, െ
പയ്തിറങ്ങിയും വിറകൊള്ളണം..
ആത്മാവില്‍ ഞാന്‍
ഓരോ ഋതുക്കളെയും മുങ്ങിയെടുത്തോളാം..
എനിക്ക് നീയൊരു ചുംബനമേകൂ..
അതില്‍ ഗ്രീഷ്മവും വര്‍ഷവും ശൈത്യവും വസന്തവും
വെള്ളി നൂലിനാല്‍ കോര്‍ത്തുവെയ്ക്കൂ...

ഇന്നലെ പെയ്ത ചാറ്റല്‍ മഴ..


ഞാന്‍
ഒന്ന് നനഞ്ഞ ആലസ്യം...
ഓരോ തുള്ളിയിലും
നിന്റെ പ്രേമകാവ്യം.

ഉള്ളില്‍ ജലം ഊറിക്കൂടി
തളം കെട്ടി നിന്നപ്പോള്‍
നീയെന്നോട് ചോദിച്ചു?
എനിക്ക്.. അല്ല നിനക്കെന്താ പറ്റിയത്..
ചോദ്യം പൂര്‍ണമായും പുറത്തുവന്നിരുന്നില്ലല്ലോ..
പാതിയും ഉള്ളിലെവിടെയോ
തട്ടിത്തെറിച്ച് ചിതറിയാണ്
എന്നെ തേടി വന്നത്..

ഞാന്‍..

ഞാന്‍ നീയെന്ന
ഏക ലോകത്ത്
ഗതികിട്ടാതലയുന്ന വേദന..
ആത്മാവ്..

എന്റെ ആത്മാവെവിടെ?
ഞാന്‍ ഏത് നിമിഷിന്റെ സന്തതി?
ഞാനേത് സ്വരഗത്തിന്റെ/
നരകത്തിന്റെ
തണലിന്റെ/
വെയിലിന്റെ
ഏതു ഋതുക്കളുടെ സന്തതി...

നോക്കൂ അവളുടെ കണ്ണുകള്‍
ഈറനണിയുന്നത്..
അവളുടെ ഹൃത്തടം നോവുന്നത്..
അവളുടെ ചുണ്ടുകള്‍ വിതുമ്പുന്നത്...

പൂത്ത പൂവെല്ലാം അവള്‍
എനിക്കായുതിര്‍ത്തുവെച്ച്
കാത്തിരിക്കുന്നതു കണ്ടില്ലേ..
ഇനിയുമവള്‍ എന്നെ
എങ്ങനെ പ്രേമിക്കാനാണ്.. എവ്വിധം...??
അവള്‍ പറയുന്നു
അവള്‍ക്ക് പ്രേമിക്കാനേ അറിയില്ലെന്ന്..
പക്ഷെ ഞാന്‍ കൊള്ളുന്ന
ഈ പച്ചപ്പിന്റെ പേരെന്ത്?
സുഖമെന്ത്?
അവള്‍ എനിക്കായുയര്‍ത്തിയ
ആ പൂങ്കാവനത്തിന്റെ പേരെന്ത്?
നിറമെന്ത്?
എന്നിട്ടും അവള്‍
പറയുന്നു എന്നോളം അവള്‍ക്കെന്നെ
സ്‌നേഹിക്കാനറിയില്ലെന്ന്..

നിമിഷങ്ങളില്‍ ഞാന്‍ വാക്കുകളായി
അക്ഷരങ്ങളായി പെയ്തിറങ്ങുന്നു..
കാവ്യപ്രപഞ്ചമായി പരിവര്‍ത്തിക്കുന്നു..
എന്റെ ചുറ്റും പ്രകാശം പരക്കുന്നു..
ഞാന്‍ അക്ഷരങ്ങളാല്‍ വലയം ചെയ്യപ്പെട്ടവന്‍.
ഞാന്‍ കാവ്യങ്ങളാല്‍
സ്‌നാനം ചെയ്യപ്പെട്ടവന്‍..
പ്രിയേ
ഇത് നീയെനിക്ക് തന്ന ഔദാര്യം.
ജീവനേ
നീയിതെനിക്കായേകിയ
പരിമളം.. ജീവിതം..
ആലസ്യം...
എന്നിട്ടും
നീ ഇപ്പോഴും ചോദിക്കുന്നു
നിനക്കെന്താണ് പറ്റിയതെന്ന്..

നോക്കൂ
നീയീ കാവ്യ പ്രപഞ്ചത്തിനധിപ..
നീയീ അക്ഷരക്കൂട്ടങ്ങളുടെ രാജകുമാരി..
വരൂ..
ഈ ദുര്‍ബലനോട് ആജ്ഞാപിച്ചാലും..
പ്രപഞ്ചത്തിലെ എല്ലാ വാക്കുകളും
അന്വേഷിച്ചുകണ്ടുപിടിച്ച്
നിന്റെ പാദങ്ങളില്‍
പൂക്കളായര്‍പ്പിക്കാന്‍..
നിന്റെ ഹൃദയത്തെ
ഒരടിമയെ പോലെ
സംഗീത സാന്ദ്രമാക്കുവാന്‍..
നിന്നിലെ എന്നെ
പ്രാര്‍ത്ഥിച്ചുണര്‍ത്താന്‍...

Twavaf !!

The RIGHT is not at all right
The LEFT left the way
Where would I be?
Where I should stand?
Now I am wandering
Around a world,
Around a being
who is enchanting me
with a delight presence...

Tuesday, 2 June 2015

നിന്റെ വേദനകളെ ചുംബനങ്ങളാല്‍ ഞാന്‍ ശമിപ്പിക്കും.....


നിന്നില്‍ പൂത്തു നില്‍ക്കുന്ന എനിക്കറിയാം... നിന്നിലൂടെ ഈ ലോകത്തോട് വിളിച്ചു പഞ്ഞതാണോമലേ... സംശയങ്ങളില്ല. നിന്റെ നെഞ്ചിനുള്ളില്‍ ഞാന്‍ നീറുന്നു. നിന്റെ കണ്ണിനുള്ളില്‍ ഞാന്‍ വിതുമ്പുന്നു... നിന്റെ ത്വക്കില്‍ ഞാന്‍ നോവുന്നു... നിന്റെ ചെവികളില്‍ എന്റെ വിലാപം.. നിന്റെ നാവില്‍ എന്നിലെ എരിവ്..... ഈ ലോകം നോവുകളുടേതാണ്. പ്രേമങ്ങളുടേതാണ്.. വേദനകളുടെ സൗന്ദര്യം വേദനിച്ചുകൊണ്ട് തന്നെ നീയും ഞാനും അറിയുന്നു..ലോകം വല്ലാതെ ചുരുങ്ങിയതാണ്.   ഈ ലോകത്തിനുമപ്പുറം നമുക്ക് പറക്കണം.  പ്രിയേ  ഓരായിരം റോസാ ദലങ്ങളിലെ മഞ്ഞുതുള്ളികള്‍കൊണ്ട് നിന്നെ ഞാന്‍ കുളിർപ്പിക്കും. . നിന്റെ വേദനകളെ ചുംബനങ്ങളാല്‍ ഞാന്‍ ശമിപ്പിക്കും.....

ചെമ്പാലപ്പൂവ്....

അവള്‍: ഇതിന് ദുര്‍ഗന്ധമല്ല... പാലപ്പൂവിന്റെ മണമാണ്.

അവന്‍: ഞാന്‍ അനുഭവിക്കുന്നു.. നീ മാസത്തിലൊരിക്കല്‍ പൂത്തു നിക്കണത്... ഇപ്പോള്‍ നീ പറയുന്നു പാലപൂക്കണ്ന്ന്... ശരിയാണ് ഒരു ചെമ്പാല പൂത്തുലഞ്ഞു നില്‍ക്കണു...

അവള്‍: 'ചെമ്പാലപ്പൂവ്...' നീയെങ്ങനെയെന്റെ ഉള്ളറിഞ്ഞു? !!

അവന്‍: നീ വസന്തമാണ്... പാലപൂക്കും വസന്തം. നിനക്കുചുറ്റും പാലപ്പൂഗന്ധം. പൂവച്ചില്‍ പാലപ്പൂക്കളുടെ ധാര... പ്രവാഹം... കുത്തിയൊലിക്കുന്ന നിറക്കൂട്ടുകള്‍...

അവള്‍: കൂട്ടുകാരാ, എനിക്ക് ശ്വാസം മുട്ടുന്നു. എന്നില്‍ നീയാണ് പൂത്തിറങ്ങുന്നത്... ഞാന്‍ വസന്തം.. എന്റെ പൂക്കള്‍ നിന്റെ മദോന്മത്ത ലഹരി. നിനക്കായ് സമര്‍പ്പിതം..

അവന്‍:രാവേറെ ചെന്നിട്ടും നിന്റെ ഉടയാടകളില്‍ പൂക്കള്‍ പലകുറി പൂത്തുതളിര്‍ത്തു.. നീയതു കണ്ടില്ലേ?

അവള്‍: നിന്റെ മിഴികളില്‍ ഞാനവ കാണുന്നു. നിന്റെ മനം ഒരു മലര്‍വാടി. എന്നെ ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു .. നീ വികാരങ്ങളുടെ ഒരു മാസ്മരിക പ്രകാശം. പറുദീസ.

അവന്‍: ഞാന്‍ പ്രേമഭാരത്താല്‍ ചുംബിക്കുന്നു.. വസന്തം ഒഴുകിയിറങ്ങിയ നിന്റെ പൂവിതളുകളുകളില്‍. ചുവന്ന ചുണ്ടുമായി നിന്നിലേയ്ക്ക് ഞാന്‍ കൂടുമാറും.

അവള്‍: ഹൊ.. നീ എന്തൊരു വന്യതയാണ്. നിന്റെ പ്രണയവും.

അവന്‍: നിക്കറിയോ നിന്നില്‍ പൂക്കുന്നതത്രയും വന്യമാണെന്ന്? നിന്റെ നിലവിളികള്‍, നിന്റെ വേനദനകള്‍.. എവിടെ അവറ്റകള്‍...

അവള്‍: ശരിയാണല്ലോ. അവറ്റകളെവിടെ? നീ അവറ്റകളെ എന്തു ചെയ്തു?

അവന്‍: എന്റെ ചുണ്ടുകളാല്‍ ഞാന്‍ ഒപ്പിയെടുത്തത് നിന്റെ ചുവന്ന സൂര്യരശ്മികളെ മാത്രമല്ല... നിന്റെ സിരാപടലങ്ങളെ ഉഴുതുമറിക്കാന്‍ തേറ്റയുമായി വന്ന അവറ്റകളെ കൂടിയായിരുന്നു...

അവള്‍: പ്രിയനേ... നിനക്കെന്റെ വസന്തകാലമത്രയും... നിനക്കെന്നെ സ്വാര്‍ത്ഥതയോടെ സ്‌നേഹിച്ചുകൂടെ...

അവന്‍: കൂട്ടുകൂരീ... ഞാന്‍ ക്ഷീണിതനാണ്... നിന്റെ പ്രേമം എന്നെ വല്ലാതെ തളര്‍ത്തുന്നു. എന്റെ ജീവനില്‍, എന്റെ ശരീരത്തിന്റെ ഓരോ അംശത്തിലും നീ തിളങ്ങി നില്‍ക്കുന്നു. തലച്ചോര്‍ നിനക്കായി മാത്രം ചിന്തിക്കുന്നു. ഹൃദയം നിനക്കായി മാത്രം കവിതകള്‍ രചിക്കുന്നു. ഹാ നോക്കൂ.. ഇപ്പോള്‍ ഞാനൊരാര്‍ത്തവക്കാരനായിരിക്കുന്നത്....

Monday, 1 June 2015

നിനക്കായെഴുതി തുടങ്ങിയപ്പോള്‍

നിനക്കായ് എഴുതിത്തുടങ്ങിയപ്പോള്‍
വാക്കുകള്‍ക്ക് ഒരു നാണം...
ചിണുങ്ങിയും കുണുങ്ങിയും
എന്റെ വിരല്‍തുമ്പുകളില്‍
വന്നു നിന്ന് പിടഞ്ഞ് പരന്ന്
പടര്‍ന്നു കയറുന്നു...

നിനക്കായെഴുതി തുടങ്ങിയപ്പോള്‍
ഓരോ അക്ഷരകുരുന്നുകളും
കുസൃതികാട്ടി തുള്ളിച്ചാടി
തിമിര്‍ത്തു പെയ്യുന്നു...
ആര്‍ത്തു പെയ്യുന്ന
മഴത്തുള്ളികള്‍ വെള്ളക്കെട്ടുകളോട്
ചെയ്യുന്നപോലെ...

നിനക്കായെഴുതിത്തുടങ്ങിയപ്പോള്‍
അസ്തമയ സൂര്യന്‍
എന്റെ വാക്കുകളില്‍
വെട്ടമായ് നിറഞ്ഞൊഴുകി
ഓരോരോ അക്ഷരങ്ങളെയും
സുവര്‍ണ്ണരേഖകളാക്കുന്നു...

പ്രിയേ...
പ്രണയമരം കൊണ്ട്
എനിക്ക് തണലേകൂ
ഇലകള്‍ കൊഴിച്ച്
ഈ ഋതു ശിശിരമാണെന്നു
വിളിച്ചു പറയൂ..
നൂലുപോലെ മെല്ലിച്ച
വിരലുകളില്‍
ഒന്നുതൊട്ട്
കൂമ്പിപ്പോയ എന്റെ
കണ്ണുകളെ
ശൈത്യത്തിന്റെ വരവറിയിക്കൂ..
തണുത്തു വിറച്ച്
പ്രണയപ്പനി പിടിക്കട്ടെ...
കാഴചകള്‍ക്കങ്ങനെ
ചൂടു പകരട്ടെ...


ആരാണ് നീ, ഞാന്‍, റൂമി?

ഞാന്‍ പിതാവ്
നീ പുത്രന്‍
റൂമി പരിശുധാത്മാവ്...
ബൈബിള്‍ മനുഷ്യനെ
അകറ്റുന്നേയില്ല.
റൂമി തത്വചിന്തയിലെ
തെമ്മാടി...
ദര്‍ശനങ്ങളിലെ
പ്രണയ ദേവന്‍...

Sunday, 31 May 2015

നിന്റെ മഴികള്‍കൊണ്ട് എന്റെ ദേഹം നിറയെ പൂക്കല്‍ വരച്ചിടു...

എന്നെ വിളിച്ചെന്നെ കൊല്ലു
എന്നെ നുകര്‍ന്നെന്നെ കൊല്ലു
എന്നെ നിന്റെ അണുക്കളായി വിഭജിക്കു
നിന്റെ ഹൃദയതിനെന്റെ
സ്വപ്നങ്ങള്‍ ഭാഗിച്ചു നല്‍കൂ.
എന്നെ വീഞ്ഞായി മോത്തി കിടിക്കൂ.

നിന്റെ മഴികള്‍കൊണ്ട്
എന്റെ ദേഹം നിറയെ പൂക്കല്‍ വരച്ചിടു...
ഓരോ പൂവിലും എന്റെ പേരു നീ കോറിയിടൂ.

വയ്യ
ഉള്ള് നിറഞ്ഞുമ്മകള്‍
നിന്റെ ദേഹം മുഴുവന്‍
എന്റെ ഉമിനീരിന്റെ സ്‌നിഗ്ദത

ഭൂമിയുടെ ഗര്‍ത്തത്തിലേയ്ക്ക്‌

എന്തിനാണ് നീയെന്നെ
'ആ' കൊടുമുടിയില്‍ നിന്ന്
ഭീതിയുടെ ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നത്...
ഈ കൊടുമുടിയുച്ചിയിലേയ്ക്ക്
എത്തിച്ചേരാന്‍
നമ്മളെത്ര നടന്നു.
എത്ര വെയിലുകൊണ്ടു.
എത്ര രാവുകള്‍
പേക്കിനാക്കള്‍
കണ്ടു. പേടിച്ചു വിറച്ചു.
എത്ര വസന്തങ്ങള്‍
കൊണ്ടു, കൊടുത്തു.

ഋതുക്കളിലൂടെ
വെയിലും മഴയും മഞ്ഞും
ഇലപ്പൊഴിക്കലുകളും തളിരിടലുകളും
ഒന്നൊന്നായി നന്നായി
കുറിച്ചുവെച്ചിട്ടില്ലേ
നടന്നുകയറിയ
നമ്മുടെ കാലടികളില്‍...

എന്നിട്ടും
നീയെന്നെ
ആ കുന്നിന്‍ മുകളില്‍
നിന്നും
ഒറ്റക്ക്
ഈ ഏകാന്ത ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നു...
കിടത്തിയുറക്കിയ
നിന്റെ മടിത്തട്ടില്‍,
ചേര്‍ന്നമര്‍ന്ന
മാറില്‍
എന്റെയീ മുഷിഞ്ഞ ശരീരത്തിന്റെ
വിയര്‍പ്പുമണം മാറീട്ടില്ലല്ലോ..

നേരം കൊത്തുന്ന
നിലാപക്ഷയുടെ
ചിറകുകരിഞ്ഞ്
എന്നോടൊപ്പം
താഴേക്ക് പതിക്കുന്നെന്നോ..
എന്ത് അത് നിന്റെ
മനസായിരുന്നെന്നൊ..

ഓ പ്രിയേ..
നീ വേദനിക്കുന്നെന്നോ...
ആത്മാവില്ലാതെ, കാഴ്ച്ചയില്ലാതെ
ഇപ്പോഴും
ആ കുന്നിന്‍പുറത്ത്
ദിശയറിയാതെ
ഭയന്ന് പരിഭ്രമിച്ചു
നീ കാത്തുനില്‍ക്കുന്നെന്നോ...

Saturday, 30 May 2015

ഈ മാതള നീര്‍ത്തുള്ളികള്‍

നോക്കൂ
ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ദേഹത്തു നിന്നും ഊര്‍ന്നിറങ്ങുന്ന
വിയര്‍പ്പുതുള്ളികളാണ്..
നിന്റെ ഓരോ രോമകൂപവും
പ്രണയോന്‍മാദത്താല്‍ പൂത്ത്
ചൊരിഞ്ഞവ..
വിഷാദമല്ല..
ദുര്‍ഗന്ധമല്ലവ
പ്രണയോല്ലാസ
പരമളസമൃദ്ധമായവ,,

ഈ മാതള തുള്ളികള്‍
നിന്റെ കണ്ണുനീര്‍
തുള്ളളികളാല്‍
വിശുദ്ധമാക്കപ്പെട്ടവ.
ഉള്ളില്‍
പൊട്ടിയുലയുന്ന
മുറിവുകളുടെ
നീറ്റലുകള്‍
നിന്റെ കണ്ണില്‍
ഊറിക്കൂട്ടിയ
അനുഭവങ്ങഴളുടെ
ലായനീ രൂപമാണത്..
അതാണതിനിത്ര വിശുദ്ധി..

ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ഹൃദയത്തിന്റെ
ചോര ഇറ്റിച്ചുവപ്പിച്ചവ.
ഇത് അതി വിശിഷ്ടം.
കാരണം ഉളളിന്റെ കലഹങ്ങള്‍
കൊണ്ട് മുറിപ്പെട്ട്
ചൊരിയുന്ന
ചുടുരക്തത്തിന്റെ
നേര്‍ സാന്നിദ്ധ്യമുണ്ടതില്‍..

ഈ മാതള നീര്‍ത്തുള്ളികള്‍
കോടി സൂര്യന്മാരെക്കാള്‍
ചൈതന്യമുള്ളവ..
നിന്റെ (എന്റെതന്നെ)
തിളക്കുന്ന തലച്ചോറില്‍
വെള്ളിരേഖകള്‍
വീണപ്പോള്‍
വിള്ളലുകളില്‍ നിന്നും
പൊട്ടിമുളച്ച
മുത്തുകളെ ഉള്ളടക്കം ചെയ്തവ..

ഈ മാതള തുള്ളികള്‍
നിന്റെ മുലകള്‍ ചൊരിഞ്ഞ
വാല്‍സല്യത്താല്‍ അതിസമ്പന്നത.
പിറക്കാതെ പോയ ഒരായിരം
കുഞ്ഞുങ്ങള്‍ക്ക് നീ
കാത്തുകാത്തു സൂക്ഷിച്ച
വെളുത്ത നന്മ
പിഴിഞ്ഞൊഴിച്ചവ..

ഈ നീര്‍ത്തുള്ളികള്‍
കാമം മുറ്റിയ നിന്റെ
യോനീസ്രവങ്ങളാല്‍
മത്തുകൂടിയവ..
പിടയ്ക്കുന്ന ശ്വാസത്തിന്റെ
ശീല്‍ക്കാരങ്ങളെ
വാറ്റിയെടുത്ത് നീ ഓഴുക്കിയിറക്കിയ
പ്രപഞ്ചത്തിന്റെ
നിലനില്‍പ്പ്... സൗഭഗം.. സൗന്ദര്യം...

ഇത് എന്റെ പ്രാണന്റെ നിലനില്‍പ്പിനായുള്ള
ദിവ്യാഔഷധം..
ഇത് എന്റെ പുനരുത്ഥാനം...
കാവ്യപ്രപഞ്ചത്തിനെ
എന്നിലേയ്ക്കടുപ്പിക്കാനുള്ള
വാജീകരണം..
ഇത് എന്റെ ചരിത്രങ്ങളെ
എന്റെ പ്രപഞ്ചോല്‍പ്പത്തിയെ
ഉള്ളടക്കം ചെയ്ത
മൃതസഞ്ജീവനി...

പ്രിയേ...
എന്നടുത്തിരിക്കൂ..
ഇത്
എന്റെ ഹൃദയകവാടം..
ഇതിന്റെ അധിപ നീയല്ലോ..


ആര്‍ത്തി

ആര്‍ത്തീന്നു പറയുമ്പോള്‍
എന്തിനാപ്പൊ ആര്‍ത്തിയില്ലാത്തത്?

നിന്റെ ശ്വാസത്തിന്
എനിക്ക് മുമ്പേ ആര്‍ത്തിയായിരുന്നു..
അത് തട്ടുമ്പോഴുള്ള
ചൂട് മറ്റെന്തിനേക്കാള്‍
ലഹരിയായിരുന്നല്ലോ.

പിന്നെ നീ ഇറ്റിറ്റു
വിതയ്ക്കുന്ന വാക്കുകള്‍..
അതിനാര്‍ത്തിയില്ലാതെങ്ങനെയിരിക്കും.
മാസ്മരികത ആര്‍ക്കാ
ആഗ്രഹിക്കാത്തത്...

പിന്നെ നിന്റെ
ചിരിയാണ്...
നോട്ടമാണ്...
രാവില്‍ വെട്ടിത്തിളങ്ങുന്ന
നിന്റെയാ ചിരിയും നോട്ടവും
രാവിനെ ഏറെ ഇഷ്ടപ്പെടുന്ന
ഒരു കള്ളനെന്നതിനാല്‍
ഞാന്‍ കൊള്ളയടിക്കാന്‍
കാത്തുവെച്ചിരിക്കുന്നവയല്ലേ..

പിന്നെ നിന്റെ
പ്രണയസുരഭില
വീര്‍പ്പുമുട്ടലുകളാണ്.
അപ്പാഴാണ്
നീ ഭൂമിയിലേക്കുവെച്ച്
ഏറ്റവും സുന്ദരിയാവുന്നത്.
ചിത്രകാരനെന്ന നിലയില്‍
അത് ഒപ്പിയെടുക്കാന്‍
എന്റെ കണ്ണുകള്‍ക്ക്
ആര്‍ത്തിയുണ്ടാവാതിരിക്കുമോ?

പിന്നെ നിനക്ക് കുളിരുമ്പോള്‍
അറിയാതെ തളര്‍ന്നുവിറക്കുന്ന ദേഹം..
അത് ഞാന്‍ തന്നെയാണല്ലോ..
അതില്ലാതെ എങ്ങനെയാണ്
ഞാനെന്റെ
തലച്ചോറിനെ നിലനിര്‍ത്തുന്നത്..
തലച്ചോറിലെ നാഡീ വേരുകള്‍ക്ക്
നീയില്ലാതെങ്ങെയാണ്
പറ്റിപ്പിടിച്ചു തഴച്ചുവളരാനാവുന്നത്..

നിന്റെ പൊള്ളലുകളാണ്
അവയ്‌ക്കേറ്റവും വലിയ ഉത്തേജനമെന്ന്
കാമുക സുവിശേഷം.

നീ ഹൃദയത്തോട് ചേര്‍ത്തുവെച്ചാല്‍

നീ ഹൃദയത്തോട്
ചേര്‍ത്തുവെച്ചാല്‍
എന്റെ ശരീരം മുഴുവന്‍
നാവുമുളക്കും
നിന്നോട് സംസാരിക്കാന്‍..
നിന്നോട് കഥകള്‍ ചൊല്ലാന്‍...

Thursday, 28 May 2015

റൂമി പറഞ്ഞു.. നമ്മള്‍ക്കിടയില്‍ ജാലകങ്ങളില്ലെന്ന്..

ഇന്നലെ എന്തായിരുന്നു..
ദൈവങ്ങളുടെ
ആത്മസംഘര്‍ഷങ്ങളോ?
ഒന്നും മറക്കാന്‍ തന്നെ തോന്നുന്നില്ല.
രാപാടികളുടെ കിളിയൊച്ചകളെ
തോല്‍പ്പിച്ചുകൊണ്ട്
നീ എന്നെ പനിപിടിപ്പിച്ചു.
ഞാന്‍ ഞെരിഞ്ഞമര്‍ന്നു.
ഓരോ ഗാഢ ചുംബനങ്ങളും
ഇരുട്ടിനെ ഭേദിച്ച്
വെട്ടിത്തിളങ്ങി.

റൂമി മഴയായ്
പേമാരിയായ്
പെയ്തിറങ്ങി...

ഒരു അവദൂതന്‍..
ഒരു മധ്യസ്ഥന്‍..

റൂമി പറഞ്ഞു..
നമ്മള്‍ക്കിടയില്‍
ജാലകങ്ങളില്ലെന്ന്..
ചുവരുകളില്ലാതെങ്ങനെ
ജാലകങ്ങള്‍ നില്‍ക്കുമെന്ന്.

നീ വീണ്ടും വീണ്ടും
മുത്തിമുത്തിയുണര്‍ത്തി.,
എന്റെ പനിപിടിച്ച രാവുകളേ...
എന്റെ പൊള്ളലേറ്റ ഞരമ്പുകളേ..
എന്റെ എന്റെ പേപിടിച്ച
പ്രണയനൊമ്പരങ്ങളേ...
എന്നെ വിടാതിരിക്കൂ..
എന്നെ സ്വതന്ത്രനാക്കാതിരിക്കൂ..
ഒരടിമയുടെ ജീവിതം
എത്രധന്യമെന്ന്
ഞാനറിയുന്നു...
ഞനടിമ.

നിന്റെ ഉള്‍ത്തുടിപ്പുകള്‍ക്കിടയില്‍
വികാരങ്ങങ്ങളുടെ
നനുത്ത നീരുറവകള്‍
പടംപൊഴിച്ചിറങ്ങി..
നീ
നവജാത ശിശു.
ഇപ്പോള്‍
എന്റെ യീ തോളില്‍
മുഖമമര്‍ത്തി
ചുംബിച്ചുകൊണ്ടേയിരിക്കുന്നവള്‍...

എന്തീനീ സുപ്രഭാതങ്ങള്‍
നമുക്ക് വിലങ്ങുതടുയാവുന്നു..
സുപ്രഭാതങ്ങളെ
പാടിപ്പുകഴ്ച്ചിയ
കവികളോട് വല്ലാത്ത
വെറുപ്പ് തോന്നുന്നു.
വെളുപ്പിന്റെ സ്വാതന്ത്ര്യം
അസ്സഹനീയം തന്നെ.
ഈ ഇരുട്ടില്‍
പരസ്പരം പുണര്‍ന്ന്
ചുംബിച്ച്
വിഷമിച്ച്
കലഹിച്ച്
ഇങ്ങനെ ഇങ്ങനെ
കണ്ണുനിറച്ച്..

ഹാാ
ഈ രാത്രികളെന്ത്
സുന്ദരം...

Wednesday, 27 May 2015

പ്രവചനം

ഒരിക്കല്‍ നീ ഒരു ശിലാകാരമാര്‍ജിജിക്കുംഅനങ്ങാന്‍ കഴിയാത്ത രൂപം.
നീ അഗ്രഹിക്കും ഒന്നു കൈ കാല്‍ കണ്മിഴികല്‍ അനക്കന്‍.
സാധിക്കില്ല.
ആഗ്രഹങ്ങള്‍ക്കനുസരിച്ച്
ഒരനക്കവും ഉണ്ടാവില്ല.

അപ്പോള്‍ നീ അറിയും
ഒരേകാകിയുടെ
ഭയാനകമായ ഉള്‍ത്തുടിപ്പുകള്‍.
ഒരു നിസ്സഹായന്റെ ദയനീയാവസ്ഥ.
നീ മനസറിഞു എന്നെ പ്രണയിക്കും.
ഞാന്‍ അങ്ങാകാശത്തു നിന്നു
പറന്നെത്തും..
ഒരീച്ചയെപൊലെ മൂളി മൂളി.
നിന്റെ ഇമയിണകളില്‍
ഒരു മന്ത്രക്കാല്‍ കൊണ്ട് തൊടും.
പെട്ടെന്നു നിനക്കനക്കം വെക്കും.
നീ കണ്ണു തുറക്കും. കൈകള്‍ പെട്ടെന്നനക്കും.
പുലര്‍കാലത്തിലെ സ്വപ്നമായിരുന്നതെന്നു നീ ഒരു ഞെട്ടലൊടെ തിരിച്ചറിയും.
അപ്പോഴും
എന്റെ നീളന്‍ കൈകളെ
നീ ഒന്നു തൊടനെങ്കിലും ആഗ്രഹിക്കും
ഒന്നു പ്രേമിച്ചു പോകും..

ഞാന്‍ ഷണഡീകരിക്കപ്പെട്ടവന്‍ കാഴ്ചകള്‍ വിലക്കപ്പെട്ടവന്‍

ഞാന്‍ ഷണഡീകരിക്കപ്പെട്ടവന്‍
കാഴ്ചകള്‍ വിലക്കപ്പെട്ടവന്‍.
മുഴുനീള രാത്രികളില്‍ തോറ്റംപാട്ടിന്റെ
ഗാനം മന്ത്രം പോലുരവിടുന്ന
മഹാ ഭ്രാന്തന്‍. മനോന്‍മത്തന്‍...


നിന്റെ മേഘങ്ങള്‍ക്കിന്നലെ സൂര്യനുദിക്കാതിരുന്നെങ്കില്‍

നിന്റെ മേഘങ്ങള്‍ക്കിന്നലെ
സൂര്യനുദിക്കാതിരുന്നെങ്കില്‍
നിന്റെ ചില്ലയിലെ
ആകാശപ്പറവകള്‍
ഉറങ്ങാതെ
നമ്മെ കേട്ടുകൊണ്ടിരുന്നെങ്കില്‍
പ്രണയാര്‍ദ്രമായ്
നീ ചിലച്ചുകൊണ്ടേയുരുന്നെങ്കില്‍...

പേപിടിക്കാതോര്‍മകള്‍
സ്വച്ഛന്തമായി ഒന്ന് കാറ്റുകൊണ്ടെങ്കില്‍
നിന്റെ പരിമളതെന്നലില്‍
അവരൊന്ന്
മയങ്ങിയുണര്‍ന്നിരുന്നെങ്കില്‍

നമുടെ തലക്കുമുകളിലെ
ഒറ്റ നക്ഷത്രം
കണ്ണുചിമ്മിചിമ്മി ചിരിച്ചെങ്കില്‍
നിന്റെ ചുറ്റും
തേന്‍തുമ്പികളും
മിന്നാമിനുങ്ങുകളും
വട്ടമിട്ട് പറന്ന്
നിന്നെ ഭ്രാന്തുപിടിപ്പിച്ചെങ്കില്‍
വീര്‍പ്പുമുട്ടിച്ചെങ്കില്‍

ഉറക്കം മരീചികയാക്കി
ഞാനെന്നുമെന്നും
നിന്‍ കൂട്ടിലെ കിളിയായേനെ..
വാക്കുകള്‍ക്കു പഞ്ഞമില്ലാതെ
ചെറു ഞാവല്‍പഴങ്ങള്‍ തന്നേനെ..
നീലനിറത്താല്‍
നിന്‍ നാവു കുളിര്‍ക്കുമ്പോള്‍
തേനൂറും കാവ്യമായേനെ..

നോക്കൂ ദൂരെ
അങ്ങ് ദൂരെ
നീലവെളിച്ചത്തിനുന്‍മാദം...

കൊത്തിക്കീറിയ
നിഴല്‍വെട്ടങ്ങളില്‍
എന്റെ നീളന്‍
കൈകള്‍ കാണുന്നോ??
വാടിക്കൂമ്പിയ
നിഴലുകളായി
ഉഷ്ണം മുറ്റിയ
നെറ്റിയുമായി
ഉള്‍പ്പനിയാല്‍
വിറ ദേഹവുമായി
പ്രണയക്കാറ്റാല്‍
പൊള്ളിപ്പൊള്ളി
ഉണ്‍മാദത്തില്‍ അന്ത്യശ്വാസമെടുത്ത് മണത്ത്
മരണത്തിന്റെ നീലിമയില്‍
ഒരു സഞ്ചാരിക്കഥയാവേണം..
സഞ്ചാരിക്കഥയാവേണം..


കാടുകേറിയ ചിന്ത

ചിന്തയില്‍ പൂക്കാലം സൃഷ്ടിക്കാന്‍
വസന്തം കൊണ്ട് മാത്രം കാര്യായില്ല.
അതിന് ചിന്തയില്‍ കാടുകൊണ്ട് നടക്കണം.
അഥവാ കാടുകേറിയ ചിന്ത തന്നെ വേണം.

Tuesday, 26 May 2015

പ്രിയപ്പെട്ടവളേ നീയാ വിരലുകള്‍ സിത്താറാക്കിയൊന്ന് പാടൂ..

നീ എന്നെ
നിന്റെ കാഴ്ച്ചകള്‍ക്കപ്പുറത്തു
നിര്‍ത്തുമ്പോഴും
ഭ്രാന്തമായലയുന്ന
മുള്ളുകളെ കുറിച്ച്
നിനക്ക് ബോധ്യമുണ്ട്.

വന്യ മൃഗങ്ങള്‍ക്കു
നടുവില്‍
നഗ്‌നനായി നില്‍ക്കേണ്ടിവരുന്ന
അസ്വസ്തത.
വെളിച്ചാധിക്യത്താല്‍
തലപെരുക്കുന്നു.
കണ്ണ്കുറുകുന്നു.
പോളകളടക്കാന്‍ കഴിയാതെ
ഉള്ള് പുളിക്കുന്നു.

പ്രിയപ്പെട്ടവളെ
കുറ്റബോധമില്ലാതെ
പറയട്ടെ,
നിന്റെ വാക്കുകളിലെ
ഗന്ധങ്ങള്‍
കൊള്ളയടിക്കാനാണ്
എനിക്കിഷ്ടം.
ഗസലുകളാണവ
അതിന്റെ ലഹരിയില്‍
അമര്‍ന്നമര്‍ന്ന്
മരണത്തിനും
ബോധത്തനുമിടയ്ക്കുള്ള
നൂല്‍പാലത്തില്‍
വേദനയ്ക്കും
മുറുവുകള്‍ക്കുമിടയ്ക്കുള്ള
ചോരപ്പാടുകളില്‍
അലഞ്ഞുനടക്കണം.

വയ്യ..
ബോധം വരുമ്പോഴൊക്കെ
നിന്റെ ചിരിയൊച്ചകള്‍.
ഇഷ്ടാനിഷ്ടങ്ങളുടെ മൂളലുകള്‍..

പ്രിയപ്പെട്ടവളേ
ഞാനിപ്പോള്‍
ഏകനാവരുതായിരുന്നു.
ഒരല്‍പ്പം കറുപ്പുതരൂ..
ഈ ബോധം
ഒന്ന് നശിപ്പിച്ചുതരൂ..
പച്ചമുറിവില്‍
വീണ്ടും വീണ്ടും ആഴത്തില്‍
മുള്ളുകള്‍
തറച്ചുകയറുന്ന
വേദന
ഞാനൊന്ന് മറക്കട്ടെ.

പ്രിയപ്പെട്ടവളേ
ഈ ഉദിച്ചു നില്‍ക്കുന്ന
സൂര്യന്റെ ഒരുചാണ്‍
താഴെ ഈ മണല്‍ തറയില്‍
നീയെന്നെ കിടത്തിയതെന്തിന്?
ഓരോ അണുവും
തീക്കനലായി
എന്റെ ശരീരം കൊത്തിവലിക്കുന്നത്
കണ്ടില്ലേ?
എവിടെനിന്നാണ്
ഒരു നിഴല്‍ തണുപ്പെങ്കിലും
ലഭിക്കുക?

ഇത് നരകത്തിലെ
ഏകാന്തതടവറ.

ഇവിടെയെവിടെയാണ്
തലച്ചോറിനെ
വെണ്ണപോലെ
ഉരുക്കിയെടുക്കുന്ന ആല.

നോക്കൂ
എന്റെ ചിന്തകള്‍
ഉരുക്കഴിച്ചെടുത്താല്‍
നിന്റെ
മുഖത്തെ വര്‍ണങ്ങള്‍
ലഭിക്കും.
നീലയും
ചുവപ്പും
പച്ചയുമൊന്നുല്ല.
കത്തിയാടുന്ന
മെഴുതിരിയുടെ
ജ്വാലാസീമകളിലെ
ആ ഇളം നീല നിറമില്ലേ?
പിന്നെ പോക്കുവെയിലിന്റെ
ചുവപ്പുകലര്‍ന്ന മഞ്ഞനിറം?
പ്രഭാതങ്ങളിലെ
മഞ്ഞുമലകളില്‍
മുത്തമിട്ടു നില്‍ക്കുന്ന
ആകാശത്തിന്റെ
പേരറിയാത്ത നിറം?
പിന്നെ നിനക്കിഷ്ടപ്പെട്ട കുറിഞ്ഞികളുടെ
വയലറ്റുനിറഞ്ഞ നീലനിറം?

ഇവര്‍ പറയുന്നു
(നീയും)
ഈ നിറങ്ങള്‍
പകര്‍ത്തിയതിനാണ്
ഇവിടെ, ഈ സൂര്യഭൂമിയില്‍
എന്നെ ഇങ്ങനെ
നിര്‍ത്തി പൊരിക്കുന്നതെന്ന്.
ഒന്ന് നിര്‍ത്താന്‍
പറയൂ
നിന്റെ ഇഷ്ട ദേവനോട്.
എന്റെ ശരീരം ഉരുകിയൊലിക്കുന്നത്
നീ കാണുന്നില്ലേ?

പ്രിയപ്പെട്ടവളെ
ഇത് നരകത്തിലെ
ഏകാന്തതടവറ.

പ്രിയപ്പെട്ടവളെ
ഇവിടെ നിന്നും
ഞാനേറ്റുവാങ്ങുന്ന
ഈ ശിക്ഷ
നിര്‍ത്തിവെക്കാന്‍
നിന്റെ ഇഷ്ടദേവനോട് കെഞ്ചൂ.
കേണപേക്ഷിക്കൂ.

ഈ കൊടും ചൂടില്‍ നിന്നും
ഞാന്‍ മുക്തമാവുകയാണെങ്കില്‍ മാത്രം
ഒന്നടുത്തേയ്ക്ക് വരുമോ?
ഒരു സൂഫി സംഗീതത്തിന്റെ
ഇളം തെന്നല്‍പോലെ.

പൊള്ളിപ്പൊള്ളി
അടര്‍ന്നുവീണ
എന്റെ ശരീരത്തില്‍,
ത്വക്കുകള്‍ കരിഞ്ഞ്
അസ്ഥികള്‍ പുറത്തുചാടിയ
ഈ മുറിവുകളില്‍
നിന്റെ സാമീപ്യം
ഒരു കുളില്‍ തെന്നലാവുമെ
ന്നെനിക്കുറപ്പുണ്ട്.

പ്രിയപ്പെട്ടവളേ
നീയാ വിരലുകള്‍
സിത്താറാക്കിയൊന്ന് പാടൂ..
അടഞ്ഞ എന്റെ
ചെവികളില്‍
അത് തിരമാലകള്‍
സൃഷ്ടിക്കും.
മുറിഞ്ഞ
ഹൃദയം
ഇനിയുമുയര്‍ത്തെഴുന്നേല്‍ക്കും.
എനിക്കറിയാം..
നീ മൃതസഞ്ജീവനി
കരസ്ഥമാക്കിയ
തെന്നലെന്ന്...

തലച്ചോറും ഹൃദയവും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിലെ തലച്ചോറിന്റെ പരാജയം!!

നിശബ്ദതകള്‍ ഭയപ്പെടുന്ന എനിക്ക്
നിന്റെ ശിക്ഷ അസഹനീയം തന്നെ.
കുറ്റാക്കൂരിരുട്ടില്‍ അകപ്പെട്ട പോലെ..
കാലെടുത്തുവെയ്ക്കുന്നത്
മുള്ളിലോ കടലിലോ..
ഓരോ അടിയും എങ്ങോട്ട്..
എത് ദിശയിലേയ്ക്ക്...
എവിടെന്നാണ്..
എന്താണ് സംഭവിക്കുക?

എനിക്ക് ഭ്രാന്ത്
പിടിക്കുന്നു.

മിടിക്കുന്ന നെഞ്ചകം പറയുന്നതൊക്കെ
സെന്‍സര്‍ ചെയ്യാതിരുന്നതിനാണോ
നിന്റെ ഈ ശിക്ഷ?
തലച്ചോറും ഹൃദയവും തമ്മിലുള്ള
ദ്വന്ദ്വയുദ്ധത്തിലെ
തലച്ചോറിന്റെ പരാജയം ..
അത് മുന്‍കൂട്ടി കാണാന്‍
കഴിഞ്ഞില്ല എന്നതു നേരാണ്.
ചിന്തകള്‍ക്കുമീതെ
പരന്നൊഴുകുന്ന ചോരകണ്ട്
ഞാനും ഞെട്ടിയത് നീ കണ്ടില്ലേ?

സത്യം. നീ വിശ്വസിക്കണം..
ഇതെന്റെ പരാജയമല്ല.

നിയന്ത്രണങ്ങളെ ഭരിച്ചിരുന്ന
എന്റെ തലച്ചോറിന്റെ
ദയനീയ പരാജയമാണ്.

രക്തം നല്‍കാതെ
ഇപ്പോള്‍ ഹദയം ശ്വാസകോശത്തെ
ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ശ്വാസമെടുക്കാന്‍ തന്നെ
എന്ത് പ്രയാസമാണെന്നോ.

ചിലപ്പോള്‍ ആഞ്ഞ് രക്തം പമ്പുചെയ്യിച്ച്
തലച്ചോറിനെ തകര്‍ക്കുന്നുണ്ട് ഹൃദയം.
ഇത്രയും പ്രവാഹത്തെ താങ്ങാനുള്ള കരുത്ത്
അവയുടെ ദുര്‍ബല ഞരമ്പുകള്‍ക്കില്ലെന്ന്
നിനക്കും അറിയാവുന്നതാണല്ലോ..

എന്നിട്ടും നീ നിശബ്ദതയുടെ
ഏതോ പ്രപഞ്ചത്തില്‍
എന്നെ ഒറ്റക്ക് നിര്‍ത്തി
മാറിക്കളഞ്ഞു.

ചിലപ്പോള്‍ നീ എന്നോട്
തമാശയ്ക്ക് കളിക്കുന്നതാണല്ലേ..
ശോ ഞാനെന്ത് മണ്ടന്‍.
ഹഹഹ നിന്റെ എന്നത്തേയും തമാശപോലെ ഒന്ന്.

അല്ല എന്നാലും...

ഇന്നലെ നിന്റെ മുഖം
വല്ലാതെ മുറുകിയിരുന്നല്ലോ.
നെറുകില്‍ ഒരു ചുംബനം
നല്‍കാനഗ്രഹിച്ചാല്‍
നിനക്ക് മനസിലാക്കാവുന്നതല്ലേയുള്ളു
അത് തലച്ചോറിന്റെ നിയന്ത്രണങ്ങളില്‍
നിന്നും സ്വതന്ത്രമായ
ഹൃദയത്തിന്റെ കുരുത്തക്കേടാണെന്ന്.

ഞാന്‍ വല്ലാതെ
പാടുപെടുന്നുണ്ടെന്നറിയാമോ?
എന്റെ ഈ ശരീരം വല്ലാതെ തളരുന്നുണ്ടെന്ന്...
പേശികള്‍ ആകെ കുഴഞ്ഞ്...

Monday, 25 May 2015

ഇത് എന്റെ ഒസ്യത്ത്. നിനക്കുള്ളത്

ഇത്
എന്റെ ഒസ്യത്ത്.
നിനക്കുള്ളത്.

മരിച്ചുകഴിഞ്ഞ്
എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
എന്റെ തലച്ചോറ് പൊട്ടി
കുരുത്ത് പൊന്തിയ വാക്കുകള്‍
വികാരങ്ങള്‍
വിചാരങ്ങള്‍
തേന്‍ കിനിഞ്ഞ
പ്രേമഭാഷണങ്ങള്‍
അകാരണങ്ങളായ
ചൊടിച്ചുപോകലുകള്‍
നൈരാശ്യങ്ങള്‍ മോഹഭംഗങ്ങള്‍
നീയെടുത്തുകൊള്‍ക..

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
അന്ന് നമ്മള്‍ മേയാന്‍വിട്ട
ഉന്നമാദങ്ങളെ
കണ്ണിലൊപ്പിയ കാഴ്ച്ചകളെ
ചുണ്ടിലൊപ്പിയ ചുംബനങ്ങളെ
എന്റെ ഹൃദയാന്തരത്തില്‍
നിന്ന് കടഞ്ഞെടുത്ത്
നിന്റെ കണ്ണീരില്‍
ഉപ്പിട്ടുണക്കണം

എന്റെ ശവശരീരം
മറവു ചെയ്യുമുമ്പ്
ഭ്രാന്തുമുറ്റി
ഞാന്‍ നിന്നോട് ജല്‍പ്പിച്ച
അര്‍ത്ഥമില്ലാ വാക്കുകള്‍
ഇടയ്ക്കുള്ള മൗനങ്ങള്‍
തുളയ്ക്കുന്ന വേദനകള്‍
നിലാവും വാവും മാറിമാറി വന്ന
രാത്രികള്‍
ഉറക്കച്ചടവിന്റെ
കണ്‍കകഴപ്പുകള്‍
ചിരികള്‍
അടക്കം പറച്ചിലുകള്‍
കുസൃതിത്തിരകള്‍
മടുപ്പിക്കലുകള്‍
വെറുപ്പിക്കലുകള്‍
നീയിഷ്ടപ്പെടാത്ത
എന്റെ അനാവശ്യ ചുംബനങ്ങള്‍
ചുണ്ടുകോടിയ നിന്റെ
ചിരികള്‍ക്കിടയില്‍
വല്ലപ്പോഴും അറിയാതെത്തുന്ന
ദീര്‍ഘനിശ്വാസങ്ങളില്‍
പരിമളമായി സൂക്ഷിക്കണം..

നീലവെളിച്ചങ്ങളില്‍
നിന്റെ തിളയ്ക്കുന്ന ചുണ്ടുകള്‍
അപ്പോഴും മിന്നല്‍ പിണറുപോലെ
തിളങ്ങും.
തുറന്ന ജാലകം പോലെ
നിന്റെ കണ്ണുകള്‍
കാഴ്ച്ചകള്‍തേടിയലയും.
സ്റ്റഫ് ചെയ്ത
ശരീരങ്ങള്‍ക്കിടയില്‍
ഒരു പരേതന്റെ ആത്മാവ്
ഇളം തെന്നല്‍പോലെ
ചുറ്റിയടിക്കുന്നുണ്ടോ എന്ന്.
വെറുതേ കൊതിക്കും.
ചര്‍മങ്ങള്‍ തെര്‍മോമീറ്ററുകളായി
ചൂടളക്കും.

ഇല്ല.
കണ്ടെത്തിയെന്നുവരില്ല.
തേടിയെത്തിയെന്നും വരില്ല.
മരണാനന്തരം ഒരാള്‍ക്കും
തിരികെ വരാനാവില്ലല്ലോ.

ങാ..
പറയാന്‍ മറന്നു.
ഇതാണ് എന്റെ ഒസ്യത്തിന്റെ
അവസാനം.

എന്റെ ശരീരത്തിലെ
ഒരുഭാഗവും നിക്കുള്ളതല്ല;
തച്ചോറിന്റെ
ഇടതും വലതുമുള്ള
അമിഗ്ദല*കളൊഴികെ.

നിറയെ വികാരം മുറ്റി
അപ്പോഴും അവ
വിറയ്ക്കുന്നുണ്ടാവും.
ഇടതില്‍
നിനക്കെന്റെ
സന്തോഷവും
ഭ്രാന്തും
വലതില്‍
എന്റെ പ്രത്യയശാസ്ത്രത്തെയും
കണ്ടെത്താനാവും.
ഒപ്പം
എണ്ണിയാലൊടുങ്ങാത്ത
നിറങ്ങളും
മണങ്ങളും.

അതാര്‍ക്കും നല്‍കരുത്..
അതിലാണ് നിനക്ക്
ഞാനെഴുതാന്‍
മറന്ന/
കരുതിവെച്ച
വാക്കുകള്‍
തപസുചെയ്യുന്നത്.
പുതിയ പൂക്കളായ്
വിരിയാന്‍ കാത്തുകാത്ത്
ഇണചേര്‍ന്നിരുന്നത്...
അവ അപ്പോള്‍
ജഡങ്ങളായിത്തീര്‍ന്നിരിക്കും.
എന്നാലും നിന്റെ
ചൂടില്‍
നിശ്വാസങ്ങളില്‍
ഇറ്റുവീഴുന്ന നീര്‍ത്തുള്ളികളില്‍
അവ ഇനിയും വിരിഞ്ഞാലോ?
ഒരുപക്ഷെ
ചിരിക്കുകയെങ്കിലും ചെയ്താലോ?

------------
*Amygdala

Sunday, 24 May 2015

പ്രണയത്തിന്റെ പ്രാരംഭസ്ഥാനം



അതെ... അങ്ങുച്ചിയില്‍ സൂര്യനിദിക്കുന്നിടത്തു നിന്നു തുടങ്ങണം.. പ്രണയത്തിന്റെ പ്രാരംഭസ്ഥാനമാണത്.. തുളഞ്ഞുകയറുന്ന പൊള്ളലുകളില്‍ നിന്നാണ് യാത്ര.. സുര്യനെ ഒന്ന് കണ്ണ് തുറന്നു നോക്കു.. രശ്മികള്‍ കൂരമ്പുപോലെ കണ്ണിലേയ്ക്ക് പാഞ്ഞുകയറും.. കണ്ണുകളടച്ചുപോകാന്‍ തോന്നും... അടയ്ക്കരുത്.. ഇരുട്ടിന്റെ വൃത്ത വളയങ്ങള്‍ സൃഷ്ടിക്കപ്പെടും. മയില്‍പീലിയുടെ വളയങ്ങള്‍ പോലെ അവ നൃത്തം ചെയ്യും.. അറിഞ്ഞോ ഹൃദയമിടിപ്പ് വേഗത്തിലാകുന്നത്.. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്നത്... പ്രണയത്തള്ളിച്ചയില്‍ നീ കീഴ്‌മേല്‍ മറിയുന്നത്..

ജലക്കറ അഥവാ ഒരു ഭാഷാപരമായ പ്രശ്‌നം

നിന്നോട് ഞാനെന്താണ് പറയുക?
ഒന്നുടെ നോക്കൂ
ഈ ഹൃദയം
മിടിക്കുന്നതാണെന്ന്.
അപ്പോഴും നിനക്കത്
വിറയ്ക്കുന്ന താമരമൊട്ടാണെങ്കില്‍
അതൊരു ഭാഷാപരമായ
പ്രശ്‌നം മാത്രമല്ലേ...
അര്‍ത്ഥങ്ങളില്‍
നീയും ഞാനും
കാണുന്ന കാഴ്ച്ചകള്‍
ഒന്നു തന്നെയല്ലേ.
തുടച്ചുകളഞ്ഞേക്കൂ
ആ താമരപ്പൂവില്‍ നിന്നും
പറ്റിയ നീര്‍ത്തുള്ളികള്‍..
ചിലപ്പോള്‍ നിന്റെ വസ്ത്രങ്ങളില്‍
അത് ജലക്കറ തീര്‍ത്തേക്കും...

Friday, 22 May 2015

സൂഫിയുടെ വഴിതിരഞ്ഞെടുത്ത പ്രണയയാത്രയില്‍...



രണ്ടുന്മാദികള്‍
നിലാവിന്റെ
തീരങ്ങളിലൂടെ
നടന്നുവരുന്നു...
നിഴലുകള്‍
നിലാനദിയിലോളങ്ങള്‍
സൃഷ്ടിക്കുമ്പോഴും
അവര്‍ പുണരുന്നത്...
ചുംബനങ്ങള്‍
കൈമാറുന്നത്...
ആഴത്തില്‍
രതിയുടെ
കയങ്ങളെ മുങ്ങിത്തപ്പുന്നത്
നിലാവോ
നിലാചന്ദ്രനോ
അറിഞ്ഞില്ല.
വെറുമധരസ്പര്‍ശത്തില്‍
നിവര്‍ത്താനാവാതെ
ഏഴുവര്‍ണങ്ങളും
മയില്‍പ്പീലി കഥപോലെ
അടക്കം ചെയ്യപ്പെട്ടു..
അലിഞ്ഞലിഞ്ഞ്
നിലാവിലെ
മിന്നാമിനുങ്ങുവെട്ടമായ്...
ഉന്മാദികള്‍ അപ്പോഴും
കലപിലാ യാത്രയിലായിരുന്നു..
സൂഫിയുടെ വഴിതിരഞ്ഞെടുത്ത
പ്രണയയാത്രയില്‍...


നീതിമാനായ മോഷ്ടാവ്

തുടുത്ത് എഴുന്ന് നില്‍ക്കുന്ന
മുലഞെട്ടുകള്‍ കണ്ടാലറിഞ്ഞൂടേ
നീ എത്ര കാമാര്‍ത്തയായാണ്
'പേക്കിനാക്കള്‍' കാണുന്നതെന്ന്...

ഇരമ്പുന്ന നിശ്വാസങ്ങള്‍
ഉറക്കത്തിലെ മൂളലുകള്‍
കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന
വിയര്‍പ്പുതുള്ളികള്‍....

നിന്റെ സ്വപ്നം
കരിമ്പിന്‍ നീരു
പകരുന്നുണ്ട്...

തിരിഞ്ഞു മറിഞ്ഞും
ഇളകിയും കുറുകിയും
നീ മാറി മാറി
നിദ്രയിലാണ്ടപ്പോള്‍
കനത്ത ഗര്‍ത്തങ്ങളില്‍
നീരുകുമിഞ്ഞിറങ്ങി
ലാവയായൊഴുകി...

വിരലുകള്‍ വിറക്കുകയും
അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍
കൃഷ്ണമണികള്‍ പിടക്കുകയും ചെയ്യുന്നത്
കണ്ടാലറിയാം
ഉള്ളിലെ കടലിരമ്പം
മൂര്‍ദ്ധന്ന്യത്തിലാണെന്ന്...

ഇല്ല.. ഞാനിറങ്ങുന്നില്ല...
മച്ചിനുമുകളില്‍ നിന്ന്
കയറിട്ട് താഴേക്കിറങ്ങാനായിരുന്നു പദ്ധതി.
ചില്ലലമാരയിലെ വജ്രമാലയായിരുന്നു ലക്ഷ്യം.

ഇല്ല ഞാനിറങ്ങുന്നില്ല.
നേര്‍ത്തശബ്ദം കൊണ്ടുപോലും
ഇപ്പോള്‍ നിന്നെ ശല്യപ്പെടുത്താന്‍ ഞാനില്ല.
നിന്റെ മനോമുകുരങ്ങളെ കൊള്ളയടിക്കാന്‍ ഞാനില്ല.

Monday, 18 May 2015

ഹോ... സത്യായും ശ്വാസം മുട്ടുന്നു...

തല പെരുക്കുന്നു..
നിന്റെ വ്യാഖ്യാന വിസ്മയം കണ്ട്.
ഒരു ഫുള്‍സ്റ്റോപ്പിന്റെ പിന്നിലെന്തെന്ന്
നീ ദാസവിജയന്മാരെ പോലെ
ഉത്തരങ്ങള്‍ തേടിയാലോ?
മൗനങ്ങള്‍ക്കും മന്ദസ്മിതങ്ങള്‍ക്കും
കൂടി അനുവദിക്കപ്പെടാതെ പോയ
നിമിഷങ്ങള്‍ക്ക്
നിഴലിനും നിരര്‍ത്ഥകതയുടെ
അര്‍ത്ഥം തേടിയുള്ള
നിന്റെ പരക്കം പാച്ചിലുകള്‍ക്ക്
ഉള്ള് കാണാതുള്ള
മുള്ള് വാക്കുകള്‍ക്ക്...
ഹോ... സത്യായും
ശ്വാസം മുട്ടുന്നു...

ഗണിതവും ഹൃദയവും തമ്മില്‍



നിനക്ക് എന്റെ സൗഹൃദം
വാക്കുകള്‍ മത്രമായിരുന്നെന്നൊ?
വാക്കുകള്‍ക്കുമപ്പുറമാണു
എന്റെ സ്വപ്നങ്ങള്‍..
അതെങ്ങനെ...
ഗണിതം
ഗണിതമാണെന്നു,
ഗണിതം മാത്രമാണെന്നു,
ഹൃദയം
ചോരയൊഴുകുന്ന
ഒരവയവമാണെന്നു,
അതുകൊണ്ട് ചിന്തിക്കാനാവുമെന്ന്
മുറിഞ്ഞാല്‍ ചോരയൊഴുകുമെന്ന്,
ചിന്തകള്‍ മുറിയുമെന്നു,
ഒടുക്കത്തെ വേദനയാണതിനെന്നു,
ഗണിതവും ഹൃദയവും തമ്മില്‍
വിപരീതാനുപാതത്തിലാണെന്നു
നിന്നെ ബോധ്യപ്പെടുത്താനുള്ള
അക്ഷരങ്ങളില്ലാതെ
വാക്കുകള്‍ ശ്വാസം മുട്ടിച്ചിരുന്നല്ലൊ...
പിന്നെ നിന്നെ
എങ്ങനെ കുറ്റം പറയും??

:(

Thursday, 14 May 2015

സൂഫിയുമായുള്ള ഒരു ട്രെയിന്‍ യാത്ര



കാലം ഭുതകാലത്തിലേക്ക്
തിരക്കിട്ട് ഒടിയോടിക്കയറുന്നു..

ചില മിന്നുവെട്ടങ്ങള്‍..
നിഴലുകള്‍..
ഇരുട്ടുമൂടിയ ആകാശം..
എല്ലാമെല്ലാം ഒഴുകുന്നുണ്ട്...
ഒരു ബ്ലാക്ക് ആന്റ് വൈറ്റ്
കേന്‍വാസില്‍
കറുത്ത മഷി കൊണ്ട്
ഒഴുക്കന്മട്ടില്‍
വരച്ച ഒരു വാട്ടര്‍ക്കളര്‍ പെയിന്റിങ്...



സ്റ്റേഷനുകളില്‍ നിര്‍ത്തിയും
പാളങ്ങളില്‍ ശീല്‍ക്കാര ശബ്ദങ്ങളാലും
പാലങ്ങളില്‍ ഉറക്കെ ശബ്ദം മുഴക്കിയും
ഈ ട്രെയിന്‍
പുകച്ചുരുളുകളുമായി
പായുന്നത്
അടുത്ത കാലത്തേക്ക്...

മുഷിഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന ബോഗിയില്‍
ഉറങ്ങുന്നവരുടെയിടയില്‍ ഉറങ്ങാനാവാതെ...

ഒരു സുഫി സംഗീതം മനസിലേക്ക് അലയടിച്ചെത്തുന്നു.
ലഹരി ആഗ്രഹിക്കുന്ന രാത്രിയാത്ര...

സുഫി പറയുന്നു:
'അനല്‍ ഹക്ക്...
ഞാന്‍ തന്നെ ദൈവം..
ഞാന്‍ തന്നെ ദൈവം..
അവനും എനിക്കുമിടയിലെ സമുദ്രാതിര്‍ത്തികളെവിടെ?
എനിക്കുമവനുമിടയിലെ
പ്രകാശവര്‍ഷങ്ങള്‍
എവിടെപ്പോയ്?
ഞാനുമവനും ഇല്ലാതായ്..
ഞാനവനും
അവന്‍ ഞാനുമായ് മാറി
ഒന്നായൊഴുകുമ്പോള്‍..
ലഹരിപൂണ്ട എന്റെ ഞരമ്പുകള്‍
അലറി വിളിക്കുന്നു
അനല്‍ ഹക്ക്..
ഞാന്‍ തനെയാണവന്‍...'

കാറ്റ്..
വേണ്ടും ട്രയിനിരമ്പം..
ഹലെജെന്‍ വെട്ടങ്ങള്‍
പരന്നൊഴുകിയ
റോഡുകള്‍ കടന്നു കടന്നു...
ഇരുട്ടും ഹലെജെന്‍ വെട്ടങ്ങളും മാറി മാറി..

നദികള്‍.. ഇരുണ്ട നദിക്കരകള്‍..
പഴകിയ പായല് പിടിച്ച
സര്‍ക്കാര്‍ വേര്‍ഹൗസുകള്‍..
വീണ്ടും കൊഴുത്ത ദുര്‍ഗന്ധങ്ങള്‍..

സൂഫിയുടെ നിലക്കാത്ത നൃത്തം..
വൃത്തത്തില്‍ കറങ്ങുന്ന നൃത്തം..
പുകച്ചുരുളുകള്‍കൊണ്ട്
മുഖം മറച്ചുള്ള ചിരികള്‍..

അനല്‍ ഹക്ക്
ഒരു ദാര്‍ശനിക മിഥ്യ.
അനല്‍ ഹക്ക്
ഒരു സംഗീത സത്യം
അനല്‍ഹക്ക്
ഒരു നിലക്കാത്ത
മോഹം, പ്രണയം, തീര്‍ത്ഥയാത്ര…

സൂഫി വീണ്ടും പാടുന്നു;
' തന്‍ഹുദായെ തേടിയുള്ള യാത്ര..
ഹൂദാക്കൊപ്പമുള്ള യാത്ര..
വിണ്ടുകീറിയ പാദത്തില്‍
നീരു വന്ന വിരലുകളില്‍
ഉണങ്ങിയ ദേഹത്തില്‍
ഓരോ അണുവിലും
അവനെ അവഹിച്ചാവാഹിച്ച്
മദം മുറ്റിയ ചിന്തകള്‍..
ഓഹ് ഹുദാ
ദാ ഇവിടെ ഈ ഉള്ളില്‍
ഒരു പ്രണയമധുരമായ്
നിറഞ്ഞൊഴുകൊന്നതെങ്ങോട്ട്?'





Monday, 20 April 2015

നാവിന്‍ തുമ്പത്ത് വന്ന് ആത്മഹത്യ ചെയ്ത ചോദ്യം

ഇന്ന്
വെളുപ്പാന്‍കാലം
നീ ചോദിച്ചല്ലോ
'നിന്റെ നാവിന്‍ തുമ്പത്ത് വന്ന്
ആത്മഹത്യ ചെയ്ത
ചോദ്യമെന്തായിരുന്നു?'
എന്ന്...

സത്യത്തില്‍ ഞാന്‍
അതായിരുന്നു
ഇതുവരെയും ആലോചിച്ചത്.

എന്തായിരുന്നു?
മുറിഞ്ഞു തൊണ്ടയില്‍
കുടുങ്ങാന്‍ മാത്രം
അവ എന്ത് തെറ്റാണ് ചെയ്തത്?

സൂത്രത്തില്‍
ഒഴുക്കന്‍മട്ടില്‍
നിന്റെ മുന്നില്‍
ഒറ്റച്ചാട്ടം കൊടുക്കാമായിരുന്നു
അവറ്റകള്‍ക്ക്.
എന്നിട്ടും....

ഫോണിന്റെ അങ്ങേതലയ്ക്കല്‍
നീ നിര്‍ത്താതെ
ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കൊഞ്ചി കൊഞ്ചി
അക്ഷമയുടെ നേര്‍ത്ത
നീര്‍ക്കെട്ടുവീണ
ശബ്ദത്തില്‍...

ഞാന്‍ പറഞ്ഞു
'ഒരു ചുംബനം'
'പുണര്‍ച്ചകളെ പിന്തുടര്‍ന്നുള്ള ചുംബനം'

ഇവ ആത്മഹത്യ ചെയ്യാന്‍മാത്രം
ശക്തിയുള്ള കാരണങ്ങളെ
ഗര്‍ഭം ചുമന്നെന്നോ?

അല്ല ഇവറ്റകളല്ല
ആത്മഹത്യ ചെയ്തത്.
നാവിന്റെ രുചിമുകുളങ്ങള്‍
സാക്ഷിപറയുന്നു.
ഇവറ്റകളല്ല അവ..
ആദവും ഹവ്വയും
മോഷ്ടിച്ച ആപ്പിളിന്റെ രുചി
ഇവറ്റകള്‍ക്കില്ല.
അതെ.
ഇവറ്റകള്‍ എന്നെ വഞ്ചിച്ച
വാക്കുകള്‍.
നിന്നെയും...

Friday, 27 February 2015

ഇത് അമിഗ്ദലങ്ങള്‍...

ഇത് ഒരു യക്ഷിക്കായി സമര്‍പ്പിക്കപ്പെട്ടത്..
യക്ഷി എന്നു പറയുമ്പോള്‍
 "സൂര്യകാന്തിപ്പൂക്കള്‍" എന്നും
പരാവര്‍ത്തനം ചെയ്യാം.
 'വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍.
' ഞാനങ്ങനെ അവളെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു..

ഇതിലെ ഓരോ അക്ഷരങ്ങളും
അവളെ ആലേഖനം ചെയ്യപ്പെട്ടവയാണ്.
 അവളെ കുറിച്ചല്ലാത്തതുപോലുമാവാം
ഇതിലെ എഴുത്തുകള്‍.
അപ്പോഴും ഇതിലെ അക്ഷരങ്ങളോരോന്നും
അവളില്‍ ഞാന്‍ നിറച്ചുവെച്ചിട്ടുള്ള
എന്റെ സ്‌നേഹനീരുകളാണ്...
ഇത് ഞാന്‍ അവള്‍ക്കായേകിയ ഒസ്യത്ത്..
എന്റെ ഉന്‍മാദങ്ങളെ അടക്കം ചെയ്തിട്ടുള്ള
എന്റെ അമിഗദലങ്ങള്‍.
അവളുടെ ചൂട്...