Thursday, 15 September 2016

ഓണത്തിന്റെ പിറ്റേന്നത്തെ പ്രഭാതം. ഒരവലോകനം.


ഇന്നലെ മാത്രമാണ്
ഒരതിര്‍ത്തിക്കപ്പുറത്തോളം
കൂട്ടിയിട്ട പ്രതീക്ഷകളെ
ഞാന്‍ കുടഞ്ഞ് കളഞ്ഞത്,
ഞാനെന്നെ കുടഞ്ഞുകളഞ്ഞപോലെ.
ആഴത്തില്‍ നട്ടുപിടിപ്പിക്കുന്ന
വൃക്ഷങ്ങള്‍
പച്ചപ്പുമാറ്റി
ഇളം തവിട്ടിലേയ്ക്ക് ചുവടുവെയ്ക്കുമ്പോള്‍
അറിയണം
പ്രണയം,
പൂക്കാത്തത്ര മുറ്റിപ്പോയ
മറ്റൊരു ജീവിതമാണെന്ന്.
ഇനിയൊരോണവും
വിരുന്നുവരാനില്ലവിടെ.
ഇനിയൊരു വസന്തവും
കൂടുക്കൂട്ടാനുമില്ലവിടെ.
ചില്ലകള്‍ അത്രമേല്‍
പഴകിദ്രവിച്ചിരിക്കുന്നു.
അട്ടക്കരിപൂട്ടിയ
ഉത്തരങ്ങള്‍പോലെ.

(ഈ ബ്ലോഗിലെ എന്റെ അവസാനത്തെ പോസ്റ്റാണിത്. പ്രതീക്ഷകള്‍ക്കുമേല്‍ എഴുതിത്തുടങ്ങിയ ബ്ലോഗാണിത്. സൂര്യകാന്തിപ്പൂവിനെ കുറച്ചുള്ളത്. അവളിനി ഉള്ളില്‍ തന്നെ കുടിയിരുന്നോട്ടെ, ആരേയും ശല്യം ചെയ്യാത്ത ഒരു ഭൂതബാധ പോലെ.)

Sunday, 28 August 2016

കവിതകളെ പുനരാനയിക്കുന്ന കാലം

കവിതകളെ പുനരാനയിക്കുന്ന കാലം അതി വിദൂരമല്ല.
പൂക്കളെ പോലെയല്ല കവിതകളെ ആനയിക്കുന്നത്.
അതൊരു വിധ്വംസകപ്രവര്‍ത്തനമാണ്, തീര്‍ച്ചയായും.

കവിതകളെ പുനരാനയിക്കുന്ന കാലം അതി വിദൂരമല്ല.
രണഭേരിയില്‍കുറഞ്ഞതൊന്നുമല്ലത്.
തുര്‍ച്ചയില്‍ വീണുപോയേക്കാമെങ്കിലും
ഒഴുക്ക് നിലയ്ക്കാത്തത്. ഉരുകിയൊലിക്കുന്നത്.

അതൊരുകാലം.
അതൊരു കലാപകാലം.

അന്നെന്റെ ഇടറിയ തൊണ്ടകള്‍ ഇടര്‍ച്ചയില്ലാത്ത പാട്ടുകള്‍ പാടും.
അന്നെന്റെ നിറഞ്ഞ കണ്ണുകള്‍ മങ്ങലില്ലാത്ത ശലഭങ്ങളെ പറത്തും.
അന്നെന്റെ മുറിഞ്ഞ നാവ് മുരക്കങ്ങള്‍കൊണ്ട് അഗ്നിപര്‍വ്വതങ്ങള്‍ തന്നെ തീര്‍ക്കും.
ചിതറിയ ഗര്‍ഭങ്ങളില്‍ ഒടുങ്ങിയ ഭ്രൂണങ്ങള്‍
ചാവേറുകളാവും, ചാവുകളായുറഞ്ഞുറഞ്ഞുതുള്ളും.

ഇനിയും എന്നെ ഒരു മൃദുസ്വരമായി ഉപമിക്കുന്നത് നിര്‍ത്തു.
ഇനിമേല്‍ എന്നെ പുല്ലാങ്കുഴലുകളോട് ഉമിക്കരുത്.
തുടി..
വേണ്ട
വീണ...
വേണ്ടേവേണ്ട.
എന്നെ അസുരവാദ്യങ്ങളില്‍ കെങ്കേമനായ ചെണ്ടയോടുപമിക്കു...
ചെവിതുളക്കുമാറുച്ചത്തില്‍ തിളയ്ക്കട്ടെ നിശബ്ദതയ്ക്കുമേല്‍ ഞാന്‍.
ഇടിയും കോളും നിറഞ്ഞ പെരുമഴക്കാലത്തെ സത്ത്വമാണ് ഞാന്‍.
നിറുത്താതെ പെയ്യുന്ന കര്‍ക്കിടകപ്പെരുംമഴ ഞാന്‍.

ആര്‍ക്കുവേണം നിങ്ങളുടെ ദയനിറഞ്ഞ നോട്ടങ്ങള്‍?
ആര്‍ക്കുവേണം നിങ്ങളുടെ കനിവിന്റെ തലോടലുകള്‍?
ആര്‍ക്കുവേണം നിങ്ങളുടെ വെളുക്കെച്ചിരികള്‍, സമ്മാനങ്ങള്‍?
ഒന്നു നിര്‍ത്തൂ ഈ പിത്തലാട്ടങ്ങള്‍. കണ്‍കോണിലെ ചിരികള്‍.
ഇനി ഒരക്ഷരം മിണ്ടരുത്. മോങ്ങരുത്. കണ്ണീരൊലിപ്പിക്കരുത്.
ഞങ്ങള്‍ക്കായി തളര്‍ന്നിരിക്കുകയുമരുത്.
ഞങ്ങളിലൊന്ന് ചത്തുകിടക്കുമ്പോള്‍
ചുരുട്ടിയ നോട്ടുകള്‍ വെച്ച് തരരുത്.
പരിസരത്ത് കണ്ടുപോലുമരുത്.

രക്ഷകസ്ഥാനങ്ങളില്‍ ഇടിത്തീചൊരിയും ഞാന്‍.
അമര്‍ത്തിപ്പിടിച്ച് നെഞ്ചത്ത് ചേര്‍ത്താല്‍
ഇനിമേല്‍ നെഞ്ച് പുളയ്ക്കും. നഞ്ചായിത്തീരും ഞാന്‍.

ഇത് ഉണര്‍ത്തുപാട്ടിന്റെ കാലം.
ഇതെന്റെ മണ്ണ് വിളയുന്ന കാലം.
തിളപ്പുകളില്‍ ആസുരജന്മങ്ങള്‍
ഉരുവം കൊള്ളുന്ന പുതുകാലം.
ഊര്‍ജ്വസ്വലമാകുന്ന കാലം.
ഇതെന്റെ കാലം.
നമ്മുടെ വായ്ത്താരികള്‍ക്കറം പറ്റുന്ന കാലം.
കലികാലം. കലിപ്പ് കാലം.
ചറപറ ചറപറ ചറപറ
നിലയ്ക്കാ പെരുമഴതന്‍
പെരുത്ത കാലം.

Tuesday, 16 August 2016

യാത്ര



മരണത്തോളം പഴക്കമുള്ള
ഒരു യാത്ര പോകണം.
നെടുവീര്‍പ്പുകള്‍ക്കിടമില്ലാത്ത
ഒരു നെടുങ്കന്‍ നെടുമ്പാതയിലൂടെ
ഒട്ടും തിടുക്കപ്പെടാത്ത
അലസയാത്ര.
മരങ്ങള്‍ പിന്നിലേയ്ക്ക് മറയും.
പിന്നിട്ട വഴികള്‍
തിരികെ ചവിട്ടാനാകാത്ത വിധം
അദൃശ്യമാകും.
തിരക്കൊഴിയും.
ചരിത്രമലിയും.
നിര്‍ണയിക്കുക
കാല്‍പ്പാടുകളുടെ മാത്രം വസന്തമായിരിക്കും.
കണ്ണുകള്‍ ഇനിമേല്‍ നിറയാതാകും.
ഹൃദയത്തിനുള്ളില്‍
ഒരു വേര് മുളയക്കും.
ഒരിലയും. ഒരു പൂവും.
ജീവിച്ചതത്രയും മരണമായിരുന്നെന്നും
ഇനി ജീവന്റെ മുകുളങ്ങളാണിതെന്നും
അതില്‍ ജാതകം കുറിക്കപ്പെട്ടിരിക്കും.
ജനികളില്‍ ഋതുക്കളും
ഇലയില്‍ ജീവിതവും രേഖപ്പെടുത്തിയിരിക്കും.
വേര് ഒറ്റക്കിരുന്ന് ചീവീടുകളുടെ
പാട്ടുകളിലേയ്ക്ക് ഊളിയിടും.
ഒരു സ്റ്റെതസ്‌കോപ്പിലൂടെ
മുളച്ചുകയറി
നിശ്ചലമാകും.
ധമനികളില്‍
ഘടികാരശബ്ദം
കണ്ണടയ്ക്കും.
മഹാമഴയില്‍ നനഞ്ഞുകുതിര്‍ന്ന
ഉണങ്ങിയ മെലിഞ്ഞ മരത്തില്‍
ഒരു കാക്ക
അങ്ങ് ചക്രവാളത്തിലെ
കാറ്റിലേയ്ക്ക് കണ്ണയക്കും.
പിന്നെ ചെറിയൊരു ചിറകടിയാല്‍
തിടുക്കമില്ലാതെ പറന്നുപോകും.
അര്‍ദ്ധവിരാമത്തില്‍
എല്ലാം പഴയതുപോലെ.
പഴയതുപോലെ.

Thursday, 4 August 2016

എന്തുകൊണ്ട്‌ വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍?


"മേഘങ്ങളുടെ തണലിടങ്ങളില്‍ കേളികളാടുന്ന നക്ഷത്രമിഥുനങ്ങള്‍ ഭൂമിയിലേക്കു നോക്കി 'ഞങ്ങളെ ഉണര്‍ത്തരുതേ' എന്ന് വിളിച്ചുപറയും. നമ്മുടെ ശ്വാസവേഗങ്ങളിലൂടൂര്‍ന്ന് ഒരു വെണ്ണിലാക്കിളി ഭൂമിയിലേയ്ക്ക് പറന്നിറങ്ങും. പ്രിയപ്പെട്ടവളേ, ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ പതുങ്ങിയിരുന്ന് നീയിതെല്ലാം ആസ്വദിക്കുന്നുണ്ടെന്ന് എനിക്കറിയാം. കാരണം, എന്റെ മടിയില്‍ തലതാഴ്ത്തിക്കിടക്കുന്ന നിന്റെ മിഴികളിലൂടെയാണ് ഞാനീ ചാരുതയാര്‍ന്ന ദൃശ്യങ്ങളൊക്കെ കണ്ടത്."

-ഖലീല്‍ ജിബ്രാന്‍



(Picture Courtesy: Wikipedia)

"വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂവ്"
എന്നാണ് ഞാനവളെ വിശേഷിപ്പിക്കാറ്.

അവള്‍ക്കറിയില്ല
ഞാനെന്തുകൊണ്ടാണ്
ഈ പേരുതന്നെ
അവള്‍ക്കായി
തിരഞ്ഞെടുത്തതെന്ന്.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
അറുത്തുമാറ്റപ്പെട്ട ചെവിയുടെ
പകരക്കരാണ്‌.
പിന്നീടയാള്‍ മണത്തതൊക്കെയും
ചെവികൊണ്ടായിരുന്നു.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ഇന്നോളമുള്ള പ്രണയപര്‍വ്വങ്ങളുടെ
ചരിത്രസ്മാരകങ്ങളാണ്.
അതുകൊണ്ടാണ് അവയ്ക്ക്
കാലപ്പഴക്കത്തിന്റെ
ഉണക്ക് ബാധിച്ചിട്ടുള്ളത്;
സ്റ്റഫ് ചെയ്തുവെച്ചിട്ടുള്ള
ഹൃദയങ്ങളുടെ ഗന്ധമുള്ളത്;
വികാരങ്ങളെയും വിചാരങ്ങളെയും 
ഓരുപോലെ വാറ്റിയെടുത്ത
വീര്യമേറിയ വിഞ്ഞിന്റെ മത്തുള്ളത്.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ഉടലാകെ മറിക്കുന്ന തേറ്റമ്പുകളായിരുന്നു.
ഉന്മാദത്തിന്റെ മൂര്‍ച്ചയില്‍
ഇനിയുമിനിയും
ചെവിമുറിച്ച് നല്‍കാനുള്ള
സന്നദ്ധതയായിരുന്നു.

വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ആര്‍ക്കും പിടിതരാത്ത
നിഗൂഢഭാഷയിലെഴുതപ്പെട്ട
പുരാലിഖിതങ്ങളാണ്.
പിറക്കാനിരിക്കുന്ന യുഗങ്ങളത്രയും
"ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന്"
ഓരോ ജനിയിലും തുന്നിപ്പിടിപ്പിച്ച്
അവ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും.

പ്രിയപ്പെട്ടവളെ
കുറിഞ്ഞികളില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കാന്‍
മഞ്ഞുകാലത്തെ ഉപേക്ഷിച്ചവളേ,
തിളക്കുന്ന വെയിലില്‍ കുളിരുകൊണ്ടവളേ,
കര്‍ക്കിടകരാവുകളില്‍
മിന്നല്‍പിണരായവളേ,
നിനക്കറിയുമോ,
പറിച്ചുനല്‍കപ്പെട്ട ചെവി
ബുദ്ധന്റെ പാതികൂമ്പിയ കണ്ണുകള്‍പോലെ
ഭൂമിയിലേക്കുംവെച്ച് ഏറ്റവും
വിലപ്പെട്ടതാണ്.
നിന്നെ അടയാളപ്പെടുത്താന്‍
ഇതല്ലാതെ മറ്റെന്താണ്
 ഞാന്‍ കണ്ടെത്തേണ്ടത്?

എന്റെ ചെമ്പാലപ്പൂവേ,
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂവേ,
നിന്റെ ഓരോ ഋതുവിലും ഞാനുണ്ട്;
ചെമ്പാലപൂക്കും ഗന്ധം പോലെ.
നിനക്കുമാത്രം പരിചിതമായ
ഒരു ശൈത്യഭാഷയായി
ഞാന്‍ നിന്നില്‍
ലയിച്ചുജീവിക്കുന്നു.

എനിക്കുറപ്പുണ്ട്,
ഓരോശ്വാസമാത്രയും
നിനക്കെന്നെ വായിക്കാനാവുന്നുണ്ട്,
കേള്‍ക്കാനാവുന്നുണ്ട്.

അകലെ നമ്മുടെ
വയോവൃദ്ധന്‍
നമുക്കായി പാടുന്നുണ്ട്...
'യാഹുദാ... യാഹുദാ...'

Wednesday, 3 August 2016

നിന്റെ ദൈവത്തോട്...

"ഞാന്‍ ദുഖത്തോടെ എഴുതുന്നു.
നദികള്‍ കവിഞ്ഞൊഴുകുന്നുണ്ടോ?
ഇല്ല, എന്റെ കവിള്‍ മാത്രം നനയുന്നു."

-സച്ചിദാനന്ദന്‍ (എഴുതുമ്പോള്‍)



രാവുകളില്‍
ചാരനിറമുള്ള
അരിയവെളിച്ചത്തില്‍...

കിനാക്കളോ ഓര്‍മകളോ...
വേര്‍തിരിക്കാന്‍ കഴിയാത്തത്ര തിരകള്‍
എണ്ണിയാലുമെണ്ണിയാലും
ചാവേറുകളെപ്പോലെ
ഒന്നിനുപുറകെ ഒന്നായി,
ഒന്നിനുമേല്‍ ഒന്നായി,
ചീറിപ്പാഞ്ഞുവരും.

അനക്കമറ്റനിഴല്‍ രൂപങ്ങളില്‍
പ്രാര്‍ത്ഥനപോലെ
കാഴ്ച തറച്ചുള്ള സഞ്ചാരം,
മൃതികള്‍ക്കും സ്മൃതികള്‍ക്കും മുകളിലൂടെ.

എവിടെ, ഏതുപകലോന്‍
ഏതേതു വര്‍ണരാജികള്‍
ഏത് വിധിവഴക്കങ്ങള്‍
പുനര്‍ജനിയുടെ പാതവക്കില്‍
മുളക്കാവിത്തുകളായി
പരിണാമം വന്നുകിടക്കുന്നു?

എവിടെ, ഏതുന്‍മാദം
ഏതേതു കാവ്യഹൃദയങ്ങള്‍
ഏത് ചിറകടിയൊച്ചകള്‍
കാഴ്ച്ചകള്‍
കാമുകഹൃദയങ്ങള്‍
പിടക്കും ആവലാതികള്‍
കുറുകും പരിഭവങ്ങള്‍

ഏത് തോറ്റംപ്പാട്ടുകള്‍
വരള്‍ച്ചവന്നു കാറുന്ന
തൊണ്ടക്കുഴികള്‍
അലിഞ്ഞുപാടുന്ന
വിരഹസ്‌നിഗ്ദതകള്‍

ഏത് ആനമയിലൊട്ടകങ്ങള്‍
ഏതേത് മൂളിപ്പാട്ടുകള്‍
മൂളലുകള്‍ മുരക്കങ്ങള്‍
പാതികൂമ്പിയ കണ്ണുകള്‍
ഇഴചേര്‍ന്നുള്ള പുണരലുകള്‍
സ്വപ്നംപോലെ ഈ നീര്‍കുമിളകളില്‍
കാറ്റായിവന്നുനിറയുന്നു;
വീര്‍പ്പുമുട്ടിമുട്ടി,
ഒന്ന് പൊട്ടിപ്പരക്കാന്‍
വെമ്പുന്നു???

ഉറക്കം പിണങ്ങിപ്പോയ
ഈ രാവുകളില്‍
ചാരനിറമുള്ള
അരിയവെളിച്ചത്തില്‍...

തിരക്കൊട്ടുമില്ലാതെ ഇഴയുന്ന
ഈ നാഴികകളില്‍
ചിറകടിയൊച്ചകള്‍ കേള്‍ക്കുന്ന
സ്വപ്‌നങ്ങള്‍ എന്നാണ് തളിര്‍ക്കുന്നത്?
മുടിനാരിഴ ഏഴായിക്കീറിയ
പാലത്തില്‍ വേച്ചുവേച്ചുള്ള
എന്റെ നടത്തം ഞാന്‍ കാണുന്നു.
ആയിരം സൂര്യന്‍മാരുടെ ഉഷ്ണവും
നിശ്ചലശരീരത്തിനുള്ളില്‍
തളക്കപ്പെട്ട ഏകാന്തതയും
മടുത്തിരിക്കുന്നു.

പ്രിയപ്പെട്ടവളേ,
ഒരുവേള അഹല്യാമോക്ഷം അര്‍ഹിക്കാത്ത
കരിങ്കല്ലോ ഞാന്‍?
യുഗങ്ങളോളം ശിലാകാരത്തില്‍
തളക്കപ്പെടേണ്ട ഒരു പാഴ്ജന്മം?

ഇതാണോ നീയെനിക്കായേകുന്ന പ്രണയപാനീയം?
ഇതാണോ നീയെനിക്കായേകുന്ന അന്ത്യവിധി?
ഇതാണോ, ഇതാണോ
എന്റെ (നിന്റെ) അമിഗ്ദലങ്ങളെ പേറുന്ന
ഈ തലച്ചേറിന് നീ നല്‍കുന്ന കനി?

കണ്‍പോളകളുടെ അതിര്‍വരമ്പിനെ
മായ്ക്കുന്ന
ഭയപ്പെടുത്തുന്ന
നിഗൂഢമായ ഇരുട്ടാണിവിടെ.
ഇരുട്ടിനെ മറികടന്ന്
ഇരമ്പിപ്പായുന്ന
വയലറ്റ് നിറങ്ങളുള്ള
ഓര്‍മകള്‍.
അങ്ങും ഇങ്ങും
അവിടെയും ഇവിടെയും
എവിടെയും തളംകെട്ടി
ഓര്‍മകളിലെ ഒച്ചകള്‍.
പെന്‍ഡുലത്തിന്റെയും
ഹൃദയത്തിന്റെയും
മടുപ്പിക്കുന്ന മിടിപ്പുകള്‍.

പോളകള്‍ ഇറുകെയടച്ച്
കാല്‍മുട്ടുകള്‍ നെഞ്ചോട് ചേര്‍ത്ത്
ചുരുണ്ടുചുളിഞ്ഞ്
വിയര്‍ത്തൊലിച്ച് ഞാന്‍.

ഉടലാകെ പൊള്ളിപ്പനിക്കുന്നു.
ഉയിരാകെ ശൂന്യതപരക്കുന്നു.
പ്രപഞ്ചകോടി സത്യങ്ങള്‍ക്കും
നിശ്ചലതയെന്ന
നിഗൂഢഭാഷയ്ക്കുമിടയില്‍
പുനര്‍ജനിച്ച
ചാപിള്ള ഞാന്‍.

ഒന്നനങ്ങണമെന്നുണ്ട്.
വിരലുയര്‍ത്തി ചൂണ്ടണമെന്നുണ്ട്.
കണ്‍പോളകളൊന്ന്
ഇമവെട്ടിയെങ്കിലെന്നുണ്ട്.
ഈ കല്‍ശരീരത്തിനുള്ളില്‍
ആത്മാവ് തലതല്ലുന്നുണ്ട്, നിലവിളിക്കുന്നുണ്ട്.

നിന്റെ ദൈവത്തോടാണ്
ഇന്നെന്റെ വാക്കുകള്‍; പ്രാര്‍ത്ഥനകള്‍.

പ്രിയപ്പെട്ടവനേ, നീയവളിലേയ്ക്ക്
നിന്റെ പ്രകാശം ചൊരിയൂ...
അവളുടെ ഹൃദയത്തെ ആര്‍ദ്രമാക്കൂ.
നിന്റെ ഗീതകങ്ങള്‍ കൊണ്ട്
എന്റെ ഒസ്യത്തേകൂ...
നിന്റെ സംഗീതം കൊണ്ട്
ത്വവാഫ് ചെയ്യു.
അവള്‍ക്കൊരു പുതിയ കാഴ്ച്ചയെ നല്‍കു.
അവള്‍ക്കൊരു പഴയ ഹൃദയം കടമായേകൂ..
പ്രിയപ്പേട്ടവനേ,
അവളുടെ കണ്ണുകളില്‍ നിന്നും ചൊരിഞ്ഞ
കണ്ണീര്‍മണമുള്ള ചോരയെ
നിന്റെ പുഞ്ചിരിയാല്‍ ഒപ്പിയെടുക്കൂ.
മുറിവുകളില്‍ എന്റെ മിഴിനീരിറ്റി ഉപ്പുപുരട്ടൂ...
പ്രിയപ്പെട്ടവനെ അവളുടെ ഹൃദയത്തിലെ
ഉടഞ്ഞ ചില്ലുകളെ കൂട്ടിയിണക്കൂ...
ഈ എളിയവന്റെ മോഷണദ്രവ്യമായവളെ
തിരികെ നല്‍കു.
നിന്റെ ഗസ്റ്റപ്പോകള്‍ക്ക് അവധി നല്‍കു...
ഇതെന്റെ പ്രാര്‍ത്ഥനയാണ്.
ഉരുകിത്തീരുന്ന എന്റെ ആത്മാവിന്റെ
നിറമില്ലാത്ത വേദനയാണ്.

(ജൂലൈ 30ന് എഴുതിയത്.)

Tuesday, 19 July 2016

ഉദ്യാനം


ഞാന്‍ പനീര്‍ പൂവിനോട് ചോദിച്ചു;
നിന്റെ നറുമണമെങ്ങുപോയി?
'വസന്തം കൊണ്ടുപോയി'-
യെന്നവള്‍ മൊഴിഞ്ഞു.
ഞാന്‍ വസന്തത്തിനോട് ചോദിച്ചു;
എന്താണ് നിന്റെ
നെറ്റിയിലീ വരകളെന്ന്.
'എന്റെ മുറിവുകളിലുപ്പുവെച്ചതാണെ'ന്നവളും.
ഒരിക്കല്‍ പൂവിട്ട ഉദ്യാനത്തില്‍ നിന്നും
ഞാന്‍ പുറത്തുകടന്നു.
അന്നുതൊട്ടലയുന്നു ഞാന്‍
ലക്ഷ്യമേതുമില്ലാതെ...
-നസീം ഷഫായി, കശ്മീരി കവയിത്രി
(ഉദ്യാനം എന്ന കവിതയില്‍ നിന്ന്)

നമ്മള്‍ അവരോട് ചെയ്യുന്നത്‌


-1-
നിങ്ങള്‍ കരഞ്ഞുകരഞ്ഞ്
അവരെ തോല്‍പ്പിക്കാന്‍
ശ്രമിക്കുന്നു.
പെല്ലറ്റിങ്ങുകള്‍
ഏറ്റുവാങ്ങി വിജയിക്കാനവരും.
സ്വാതന്ത്ര്യം വെറുതെ കിട്ടുന്നതല്ല എന്ന്
വീണ്ടുമവര്‍ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അവര്‍ക്കായി കണ്ണീരുവാര്‍ക്കാന്‍
മനസില്ലാ...
അവര്‍ കുട്ടികളല്ല.
സ്ത്രീകളല്ല.
വൃദ്ധരല്ല.
രൂപങ്ങളില്ല.
ഭൂപടങ്ങളും.
-2-
സൈനികരുടെ ബുദ്ധിയെങ്കിലും
കാണിക്കൂ...
അവര്‍ പൗരന്‍മാരെയല്ല
കൊല്ലുന്നത്,
വേട്ടയാടുന്നത്.
അവര്‍ക്ക് നന്നായറിയാമത്.
അവര്‍ ശത്രുക്കളെയാണ് കൊല്ലുന്നത്,
പുറം തുളയ്ക്കുന്നത്.
പണ്ട്
ജാലിയന്‍ വാലാബാഗില്‍
സംഭവിച്ചതുപോലെ.

Thursday, 14 July 2016

നിനക്ക് പനിപിടിച്ചിരിക്കുന്നു.

നീ എന്ന
ഒറ്റയക്ഷരത്തിലാണ്
ഞാന്‍ ഒരു
പ്യൂപ്പയായി
തപം ചെയ്യുന്നത്.

വെയില്‍
മുകുളങ്ങളിറങ്ങാത്ത
ബോധി.
ഗര്‍ഭനിശബ്ദതയുടെ
വേദന.

ശലഭചിറകുകള്‍ക്കായല്ല
ഒരു പ്രകാശസ്പര്‍ശം
മാത്രമുള്ള
മഴപ്പാറ്റയുടെ
അല്‍പായുസ്സിലേയ്ക്ക്.

കണ്ണുകളടച്ച്...
ഇറുക്കിയടച്ച്...
ഇരുട്ടില്‍
നിന്നെ ധ്യാനിച്ച്...
ഒരു ശ്വാസമാത്ര
എല്ലാം പുനരാനയിച്ച്
ഒരു കൊച്ചുമഴത്തുള്ളിക്കിനാവില്‍
തിളങ്ങിയൊടുങ്ങണം.

'പ്രിയ മേയ്സിയാദാ'1
ഖലീല്‍
ധ്യാനമുഹൂര്‍ത്തങ്ങളെ
പേരുചൊല്ലിവിളിക്കുന്നു.
'സൂര്യകാന്തിപ്പൂവേ'
എന്ന് ഞാനും.

നിന്റെ ഹൃദയത്തില്‍
ആഴ്ന്നിറങ്ങിപ്പറക്കാറുള്ള
തെമ്മാടി പക്ഷി
വന്യമായി മിടിക്കുന്നത്
കേള്‍ക്കുന്നുണ്ട്.

ഈ ധ്യാനനിരതയിലും
മിഴികള്‍ക്കുള്ളില്‍
ഒളിമങ്ങാതെ
അയാള്‍ കാവലിരിക്കുന്നു.

സൂര്യകാന്തിപ്പൂവേ
എന്റെ അമിഗ്ദലങ്ങള്‍ വിറക്കുന്നു.
നെരിപ്പോടിലെ തീയില്‍കിടന്ന്
പിടഞ്ഞ് വെന്ത് മറിയുന്നു.

തീര്‍ത്ഥയാത്രകള്‍ക്ക്
തുടക്കമായി നിന്റെ ശബ്ദം.
ദേശാടനത്തിന്
എന്റെ കാലുകളും.
നിന്റെ ഉമിനീരില്‍ കടഞ്ഞെടുത്ത
എന്റെ ദാഹനീര്‍
ഉള്ളില്‍ കനലാട്ടമാരംഭിച്ചിരിക്കുന്നു.
നിനക്ക് പനിപിടിച്ചിരിക്കുന്നു.
എനിക്ക് ഭ്രാന്തും.
ഞാന്‍ കാണുന്ന കാഴ്ച്ചകള്‍ക്ക്
അന്തിമസൂര്യന്റെ നിറം.
അതെ.
നിന്റെ ഇതളുകളില്‍
തിളങ്ങി നില്‍ക്കുന്ന
കട്ട മഞ്ഞ നിറം.

ഒരുകൂട്ടം
ദേശാടനപക്ഷികള്‍
നമ്മുടെ കാഴ്ച്ചകളെ
കൊള്ളയടിക്കുന്നു.
ശ്വാസങ്ങളെ
വികാരങ്ങളെ
വിചാരങ്ങളെ
നമ്മളെ തന്നെയും.

ഇനി...
പ്യൂപപോലൊരു തൂങ്ങിയാട്ടം.
നിന്റെ പുതിയ പുഞ്ചിരിയിലേയ്‌ക്കൊരു
കൂടുമാറല്‍.
തിരഞ്ഞെടുക്കപ്പെട്ട
ദിനങ്ങള്‍ക്കുള്ളില്‍
നിമിഷാര്‍ത്ഥം കാലുകുത്തണം.
നിന്റെ പാദവിരല്‍ തുമ്പിനാല്‍
ഒരു ശക്തമായ ഞെരിഞ്ഞമരല്‍.
പ്രണയബുദ്ധന്‍
ധ്യാനനിമഗ്നനാവുന്നു.
നിന്റെ സിരാപടലങ്ങളില്‍
വന്യമായൊരു
തിരവന്നുവീശുന്നു.
നീ ആടിയുലയുന്നു.
നിലത്തുവീഴുന്നു.
ഉടല്‍ നിറയെ
തിരമുറിഞ്ഞ വാക്കുകള്‍.
ഉടല്‍ നിറയെ
പ്രണയാര്‍ദ്ര മുറിവുകള്‍.
ഉടല്‍ നിറയെ
കൊഴുത്ത എന്റെ(നിന്റെ)
ശവംനാറിപ്പൂക്കള്‍
പൂത്തുവിടരുന്നു.
നീയിപ്പോള്‍
ദൈവത്തെ പ്രണയിച്ച
മഗ്ദലനമറിയം.
നീയിപ്പോള്‍
ചെമ്പാലപൂക്കും ഗന്ധം.
നീയിപ്പോള്‍
ചോരവാര്‍ന്നൊഴുകുന്ന
ഞാന്‍.
മൗനം.

1. ഖലീല്‍ ജിബ്രാന്റെ കാമുകി. ലബനീസ് കവയിത്രി. മരണം വരെയും ഇരുവരും പരസ്പരം കണ്ടുമുട്ടിയിട്ടില്ല എന്നത് ചരിത്രം.

Monday, 11 July 2016

ഗുഹയിലേയ്‌ക്കൊരു മടക്കം



നീയെവിടെയാണ്...??

മരിച്ച ഞാന്‍ ഇവിടുണ്ട്...
മുനപോയ കത്തിയുടെ
പുരാവൃത്തമായി
ശോഷിച്ചൊരു "കൈപ്പിടി"യായി
ഞാനിവിടെ അവശേഷിക്കുന്നുണ്ട്.

തിരിച്ചറിയും മുമ്പേ
ചെറുതായി നുറുങ്ങിയ
ഒരു പച്ചിറച്ചിക്കഷ്ണം
പിടക്കണുണ്ട്.

ഹൃദയമല്ലത്.
തരിമ്പുമല്ലത്.
ഒരു പരാജിത
നെടുവീര്‍പ്പാണത്.

ഇരുദളങ്ങളുള്ള
അമിഗ്ദലങ്ങള്‍.
ഒസ്യത്തായി
നല്‍കപ്പെട്ടത്.

തിരികെ നടക്കാനാവാത്തവിധം
ഏതോ ദൂരത്തെത്തി
നില്‍ക്കുകയാണോ നമ്മള്‍ ?

ഈ വെയിലാഴിയില്‍...

ഏതുമേഘമാണ്
ഒരു നിഴല്‍ തണുപ്പേകാനുള്ളത്?

നിറങ്ങളില്ലാതെ
ചത്തുമലച്ചൊരു
മാനത്തുകണ്ണിയാണു ഞാന്‍...

തിളക്കം നഷ്ടപ്പെട്ട്,
തുടിപ്പു നിലച്ചുപോയ
കണ്‍കളില്‍
പരന്നുകിടക്കുന്നുണ്ട്
നീലിച്ച
നിറം മങ്ങിയ
ഒരു നിഴല്‍.

എവിടെയാണ് നീ?

കണ്‍കോണില്‍
ഒരു ഈര്‍ഷ്യനോട്ടം
നിന്നില്‍ തികട്ടിയോ?

മടിക്കണ്ട,
മാനത്തുകണ്ണി
ചത്തേപോയ്.

തുരുമ്പിച്ച കത്തിത്തണുപ്പില്‍
പിടിയുടെ ശേഷക്രിയകള്‍.

വാക്ക്
ചിരി
കവിത
പിന്നെ
രാഷ്ട്രീയം
അല്‍പം എടുത്തുചാട്ടം
ചില കള്ളങ്ങള്‍
ചില സത്യസന്ധതകള്‍
എല്ലാം കൂട്ടിയിട്ട് ഒരു
ചതിച്ചിത.

പിണക്കമോ പ്രണയമോ പരിഭവമോ
അങ്കലാപ്പോ വേവലാതിയോ
ഒന്നുമൊന്നുമില്ലാത്ത
ഗുഹയിലേയ്ക്കിനി മടക്കം.

യക്ഷിയും റൂമിയും
കണാമറയത്ത്
പാടലവര്‍ണമായ്
മാഞ്ഞുമാഞ്ഞ്
പോകുമ്പോള്‍
ഇനിയീ അമിഗ്ദലങ്ങള്‍
കരിയിലപോലെ
കനമില്ലാതെ
ചീഞ്ഞുകിടക്കും
ആത്മാവ് നഷ്ടപ്പെട്ടൊരു
നിലാവുപോലെ
ഈ മണ്ണിനടിയില്‍.

ഏതോ കോണില്‍
ഇളം കാറ്റില്‍
മാറ്റൊലിക്കൊണ്ടോ?
"എവിടെയാണ് നീ..."

Sunday, 19 June 2016

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

പ്രിയപ്പെട്ട ഖലീല്‍ ജിബ്രാന്,

എന്തുകൊണ്ടാണ് ഖലീല്‍
എന്റെ ഹൃദയത്തെ കുതിര്‍ക്കാന്‍
നിന്റെ കവിതകള്‍ക്കാകാത്തത്?

എത്രയാവേശത്തോടെയാണ്
എത്ര കിന്നരത്തോടെയാണ്
ഒരിക്കല്‍ നീയെന്നില്‍
വീശിയടിച്ചിരുന്നത്!!!

ഇന്ന് നിന്റെ ഓരോ വാക്കും
കേവലം വാക്കുകള്‍ മാത്രമായി
വന്നുപതിച്ച്
ചിതറിപ്പോകുന്നു.

ഹൃദയഭിത്തികളെ ഭേദിക്കുന്ന
ഒരക്ഷരവും നിന്റെ കവിതകളില്‍
കണ്ടെത്താനാവാത്തതെന്ത്?

നിന്റെ 'മുന്തിരിവള്ളികളില്‍'
'നെയ്യാമ്പലുകളില്‍' 1
മഞ്ഞകണമൂര്‍ന്നിറങ്ങുന്ന,
നിലാവിന്റെ ഗന്ധമുള്ള
ഒരു പുഷ്പത്തിനായി
ഒരു കനിക്കായി
ഞാന്‍ ചികഞ്ഞ് ചികഞ്ഞ്
ചിറകുകുഴയുന്നു.

അല്ലയോ പ്രണയഗായകാ,
ലെബനന്റെ കാവ്യഹൃദന്ദമേ,
എന്റെ മഞ്ഞുകാല
കുളിര്‍നിലാപക്ഷിയെ
എന്റെയുള്ളിലെ
തിരകള്‍ക്കുള്ളിലേയ്ക്ക്
തിരികെ ആനയിക്കാമോ?
നിന്റെ ഗീതകങ്ങളിലെ
ഒരുപിടിയക്ഷരങ്ങളെങ്കിലും
ആഭിചാര മന്ത്രണങ്ങളായി
അവളിലേയ്ക്ക് പറഞ്ഞയക്കാമോ?

എന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ
മനംപുരട്ടലുകള്‍ക്കിടയിലായിരിക്കുമവള്‍.
വെറുപ്പിന്റെയോ മറവിയുടെയോ
ദേവതയുടെ ഉപാസകയാണവള്‍.
ചിത്രഗുപ്തനെ പോല്‍
അവള്‍ സൂക്ഷിക്കുന്ന
വഞ്ചകരുടെ പെരും ലിസ്റ്റില്‍
അവസാനമായി എഴുതിച്ചേര്‍ത്തിരിക്കുന്നത്
എന്റെ പേരാണ്.
അതിനായി അവള്‍ തിരഞ്ഞെടുത്ത
നിറം ചുവപ്പാണ്.
കണ്ണുകളില്‍ നിന്നും
കണ്ണീരിനുപകരം
അവള്‍പൊഴിച്ച
ചോരയുടെ ചുവപ്പ്.

ചുവപ്പിന് വിപ്ലവമെന്നല്ല
വിളറിയ വഞ്ചനയെന്നാണ്
അവള്‍ നാമകരണം ചെയ്തിരിക്കുന്നത്.

പ്രിയ ഖലീല്‍
ചില പക്ഷികള്‍ പറന്നകലുമ്പോഴാണ്
അവര്‍ നമ്മുടെ
പ്രാണവായുവിന്റെ
പ്രഭവകേന്ദ്രമായിരുന്നുവെന്നറിയുന്നത്.
അറിയുമ്പോഴേക്കും
അവ നഷ്ടപ്പെട്ടിരിക്കും.
ഒരിറ്റു പ്രാണനായി
നാം പിടഞ്ഞുതുടങ്ങിയിരിക്കും.

നമ്മള്‍ക്കിരുവര്‍ക്കുമായി
ഒരു ചെടി നടണം.
ഒരൊറ്റപ്പുഷ്പം മാത്രം തളിരിടുന്ന
ഒരു പനീര്‍ച്ചെടി.
വിയര്‍ക്കുവോളം
തളര്‍ന്നുവീഴുവോളം
അതിനായി സമയം ചിലവിടണം നമുക്ക്.
നെഞ്ചുപിടക്കുന്ന ഓര്‍മകളെ
ഗന്ധങ്ങളെ, നിറങ്ങളെ
അതിലെ മുള്ളുകളായി
വളര്‍ത്തിയെടുക്കണം നമുക്ക്.

പ്രണയ പ്രവാചകാ
ഒരുകുറി നീയിപ്പോള്‍ പ്രവചിക്കേണ്ടത്
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യമാണ്.
അഥവാ നമ്മുടെ പനീര്‍ച്ചെടിയിലെ
ആദ്യത്തെ (അവസാനത്തെയും)
പൂവിരിയുന്ന ദിവസമാണ്.


^1. ഖലീല്‍ ജിബ്രാന്റെ 'മുന്തിരിവള്ളികളും നെയ്യാമ്പലുകളും' എന്ന കൃതിയെ പറ്റി പരാമര്‍ശം

Sunday, 22 May 2016

ഇന്ന് മായാ ആഞ്ചൊലോയുടെ മരണം

അവര്‍ ചിരിച്ചുകൊണ്ടാണ്
പ്രഭാപൂരിതങ്ങളായ
പ്രഭാതങ്ങളെ കുറിച്ച് പറഞ്ഞിരുന്നത്.
തോല്‍വികളില്‍,
അനക്കമറ്റ കിനാക്കളില്‍
ഇഴഞ്ഞാണെങ്കിലും
മുട്ടുകുത്തിനിന്ന്
ഒന്നു നെടുവീര്‍പ്പിടാനാണ്
പഠിപ്പിച്ചത്.

പ്രതിരോധശാസ്ത്രത്തില്‍
ഒച്ചിഴച്ചിലുകള്‍ക്കാണ്
പ്രഥമസ്ഥാനം.
പെട്ടെന്നു തീരാനുള്ളതല്ലല്ലോ
ഒന്നും ഒന്നും.

ഓര്‍മയില്ലേ
യൂദാസിനെ...
വെറുക്കപ്പെട്ടവരുടെ മിശിഹ.
പ്രതിരോധപുസ്തകത്തില്‍
ഒരുപക്ഷെ, അയ്യാള്‍ക്കൊരു
താളുണ്ടാവും.

30 വെള്ളിക്കാശ്
ഒരു സ്വപ്‌നത്തെയാണ്
ഒരു ലോകത്തെയാണ്
ഒരു പ്രതീക്ഷയെ കൂടിയാണ്
ആലേഖനം ചെയ്യുന്നത്.

ഒറ്റ് ഒരു രാഷ്ട്രീയപ്രവര്‍ത്തിയാണ്.
ഒറ്റ് ഒരു പ്രതിരോധം കൂടിയാണ്.

വെറുപ്പിലേയ്ക്ക്
പരകായം ചെയ്യുക
സംഭവ്യമാണ്.
ഇവിടെയാണ്,
ഇവിടെ വെച്ച് മാത്രമാണ്
നിങ്ങള്‍ക്ക്
ജറുസലേം പുത്രനെ
വിചാരണ ചെയ്യാന്‍ സാധിക്കുക.

ആരാണവന്‍.
സത്യത്തിന്റെ മൂര്‍ത്തീഭാവമെന്ന്
നടിച്ചവന്‍?
ആരാണവന്‍?
സമാധാനത്തിന്റെ
ഉത്തുംഗതങ്ങള്‍
കീഴടക്കിയവനെന്ന്
അഹങ്കരിച്ചവന്‍?
ആരാണവന്‍?
കള്ളവുകളുടെ
നൈതികത മറച്ചുപിടിച്ചവന്‍?
ആരാണവന്‍
ഊരാക്കുടുക്കുകളിലേയ്്ക്
ആട്ടിന്‍പറ്റത്തെ
വെറുതെ നയിച്ചവന്‍?
വെറുക്കപ്പെടേണ്ടവന്‍.
വിചാരണ ചെയ്യപ്പെടേണ്ടവന്‍.

കുരിശുയുദ്ധങ്ങള്‍.
കുരിശുയുദ്ധങ്ങള്‍.

വാക്കിന് മുറിവേറ്റിരിക്കുന്നു.
വിശുദ്ധമുറിവുകളില്‍
ചോരപൊടിയുന്നു.
ഇനി കുമ്പസാരങ്ങള്‍ക്ക് സ്ഥാനമില്ല.
കുമ്പസാരക്കൂടുകളില്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ളതല്ല
ഒന്നും ഒന്നും.

ജഡമായ വാക്കുകള്‍ക്ക്
ചൂടേറിയ ഓര്‍മകള്‍ക്ക്
കാഴ്്ചവറ്റിയ
അന്ധബിന്ദുക്കള്‍ക്ക്...

ഇതൊക്കെ എന്തിനാണ് പറഞ്ഞത്?
ആ...
ഒരോര്‍മയുമില്ല.

ഓടി തളര്‍ന്ന്
ഇഴയുന്ന ഒരു സൂചി
ഇപ്പോള്‍ മറ്റേസൂചിയെ
മുറിച്ച് കടന്ന്
വൃത്തത്തിന്റെ ഒരു നിശ്ചിതഘട്ടത്തെ
ചൂണ്ടി നില്‍ക്കുന്നുണ്ട്..
ചോദ്യചിഹ്നമല്ലത്.
ഇന്റര്‍വെല്ലിനോ
അതുമല്ല
'ശുഭം'
എന്നെഴുതിക്കാണിക്കാനോ ഉള്ള
മൂര്‍ച്ചയേറിയ കൃത്യതയാണത്.

ജീവിതത്തിന്റെ മൂര്‍ച്ചയറ്റുപോയേക്കാം.
ജീവന്റെ മുന തേഞ്ഞു തീര്‍ന്നേക്കാം.
കാലമാപിനിയുടെ
സൂചിമുനകള്‍ക്ക്
മൂര്‍ച്ചപോകുമോ [സഖേ]?

പ്രിയപ്പെട്ട മായാ,

ഇവിടെ നീ
വെറുമൊരു പരാജയമാണ്.

കൂട്ടിലെ പക്ഷി
പാടുന്നതൊക്കെയും
പകര്‍ത്തിയെഴുതിയ
എന്റെ പ്രിയ കാമുകീ...
നീ വെറുമൊരു പരാജയമാണ്.

മസ്തിഷ്‌കയുദ്ധങ്ങളില്‍
ഹൃദയവേദനകള്‍ക്കെന്തുചെയ്യാനാവും?
തെളിവുകളുടെ
യുക്തിബോധങ്ങളില്‍
അഭാവങ്ങളുടെ
യാഥാര്‍ത്ഥ്യങ്ങള്‍ക്കെന്തുചെയ്യാനാവും?
പകയുടെ നിസംഗതകള്‍ക്കുമുമ്പില്‍
പിടയ്ക്കുന്ന
നിസ്സഹായതക്കെന്തുചെയ്യാനാകും?

വയലേലകള്‍...
ഊര്‍വ്വരത...
കുതിര്‍ന്ന ഭൂമി...
ഇളം വെയില്...
ചോലക്കാറ്റ്...
ഇല്ല...
എന്റെ സൂക്ഷമബോധങ്ങളിലെങ്ങുമില്ല
ഒരു ചെറുവിത്തുപോലും
മുളപ്പിക്കാനൊരിടം.
ഇല്ല...
എന്റെ ഹൃദയത്തിലെങ്ങുമില്ല
പ്രതീക്ഷാ നിര്‍ഭരതയുടെ
താങ്ങാനാവാത്ത ഭാരം.

മേഘങ്ങള്‍ വേഗത്തില്‍
പാഞ്ഞുപാഞ്ഞുപോകുന്നു.
ഇരുള്‍ കിനിഞ്ഞിറങ്ങുന്നു.
കാഴ്ച്ചകള്‍ക്ക്‌മേല്‍
വലകെട്ടിത്തുടങ്ങിയിരിക്കുന്നു.

മായാ...
നിന്നെ ഞാന്‍ കൊല്ലുന്നു.
കഴുത്തു ഞെരിച്ച്
കൊല്ലുന്നു.
നിര്‍ദ്ദയം ക്രൂരമായി തന്നെ കൊല്ലുന്നു.

പാപത്തിന്റെ ഫലമല്ല,
പരാജയത്തിന്റെ ഫലമാണ്
മരണം.

മരണമൊഴി രേഖപ്പെടുത്തുന്നു.
വധശിക്ഷയും.
നിന്റെയും എന്റെയും.