മരണത്തോളം പഴക്കമുള്ള
ഒരു യാത്ര പോകണം.
നെടുവീര്‍പ്പുകള്‍ക്കിടമില്ലാത്ത
ഒരു നെടുങ്കന്‍ നെടുമ്പാതയിലൂടെ
ഒട്ടും തിടുക്കപ്പെടാത്ത
അലസയാത്ര.
മരങ്ങള്‍ പിന്നിലേയ്ക്ക് മറയും.
പിന്നിട്ട വഴികള്‍
തിരികെ ചവിട്ടാനാകാത്ത വിധം
അദൃശ്യമാകും.
തിരക്കൊഴിയും.
ചരിത്രമലിയും.
നിര്‍ണയിക്കുക
കാല്‍പ്പാടുകളുടെ മാത്രം വസന്തമായിരിക്കും.
കണ്ണുകള്‍ ഇനിമേല്‍ നിറയാതാകും.
ഹൃദയത്തിനുള്ളില്‍
ഒരു വേര് മുളയക്കും.
ഒരിലയും. ഒരു പൂവും.
ജീവിച്ചതത്രയും മരണമായിരുന്നെന്നും
ഇനി ജീവന്റെ മുകുളങ്ങളാണിതെന്നും
അതില്‍ ജാതകം കുറിക്കപ്പെട്ടിരിക്കും.
ജനികളില്‍ ഋതുക്കളും
ഇലയില്‍ ജീവിതവും രേഖപ്പെടുത്തിയിരിക്കും.
വേര് ഒറ്റക്കിരുന്ന് ചീവീടുകളുടെ
പാട്ടുകളിലേയ്ക്ക് ഊളിയിടും.
ഒരു സ്റ്റെതസ്‌കോപ്പിലൂടെ
മുളച്ചുകയറി
നിശ്ചലമാകും.
ധമനികളില്‍
ഘടികാരശബ്ദം
കണ്ണടയ്ക്കും.
മഹാമഴയില്‍ നനഞ്ഞുകുതിര്‍ന്ന
ഉണങ്ങിയ മെലിഞ്ഞ മരത്തില്‍
ഒരു കാക്ക
അങ്ങ് ചക്രവാളത്തിലെ
കാറ്റിലേയ്ക്ക് കണ്ണയക്കും.
പിന്നെ ചെറിയൊരു ചിറകടിയാല്‍
തിടുക്കമില്ലാതെ പറന്നുപോകും.
അര്‍ദ്ധവിരാമത്തില്‍
എല്ലാം പഴയതുപോലെ.
പഴയതുപോലെ.
No comments:
Post a Comment