"മേഘങ്ങളുടെ തണലിടങ്ങളില്‍ കേളികളാടുന്ന നക്ഷത്രമിഥുനങ്ങള്‍ ഭൂമിയിലേക്കു നോക്കി 'ഞങ്ങളെ ഉണര്‍ത്തരുതേ' എന്ന് വിളിച്ചുപറയും. നമ്മുടെ ശ്വാസവേഗങ്ങളിലൂടൂര്‍ന്ന് ഒരു വെണ്ണിലാക്കിളി ഭൂമിയിലേയ്ക്ക് പറന്നിറങ്ങും. പ്രിയപ്പെട്ടവളേ, ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ പതുങ്ങിയിരുന്ന് നീയിതെല്ലാം ആസ്വദിക്കുന്നുണ്ടെന്ന് എനിക്കറിയാം. കാരണം, എന്റെ മടിയില്‍ തലതാഴ്ത്തിക്കിടക്കുന്ന നിന്റെ മിഴികളിലൂടെയാണ് ഞാനീ ചാരുതയാര്‍ന്ന ദൃശ്യങ്ങളൊക്കെ കണ്ടത്."
-ഖലീല്‍ ജിബ്രാന്‍
(Picture Courtesy: Wikipedia)
"വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂവ്"
എന്നാണ് ഞാനവളെ വിശേഷിപ്പിക്കാറ്.
അവള്‍ക്കറിയില്ല
ഞാനെന്തുകൊണ്ടാണ്
ഈ പേരുതന്നെ
അവള്‍ക്കായി
തിരഞ്ഞെടുത്തതെന്ന്.
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
അറുത്തുമാറ്റപ്പെട്ട ചെവിയുടെ
പകരക്കരാണ്.
പിന്നീടയാള്‍ മണത്തതൊക്കെയും
ചെവികൊണ്ടായിരുന്നു.
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ഇന്നോളമുള്ള പ്രണയപര്‍വ്വങ്ങളുടെ
ചരിത്രസ്മാരകങ്ങളാണ്.
അതുകൊണ്ടാണ് അവയ്ക്ക്
കാലപ്പഴക്കത്തിന്റെ
ഉണക്ക് ബാധിച്ചിട്ടുള്ളത്;
സ്റ്റഫ് ചെയ്തുവെച്ചിട്ടുള്ള
ഹൃദയങ്ങളുടെ ഗന്ധമുള്ളത്;
വികാരങ്ങളെയും വിചാരങ്ങളെയും
ഓരുപോലെ വാറ്റിയെടുത്ത
വീര്യമേറിയ വിഞ്ഞിന്റെ മത്തുള്ളത്.
ഉടലാകെ മറിക്കുന്ന തേറ്റമ്പുകളായിരുന്നു.
ഉന്മാദത്തിന്റെ മൂര്‍ച്ചയില്‍
ഇനിയുമിനിയും
ചെവിമുറിച്ച് നല്‍കാനുള്ള
സന്നദ്ധതയായിരുന്നു.
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍
ആര്‍ക്കും പിടിതരാത്ത
നിഗൂഢഭാഷയിലെഴുതപ്പെട്ട
പുരാലിഖിതങ്ങളാണ്.
പിറക്കാനിരിക്കുന്ന യുഗങ്ങളത്രയും
"ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന്"
ഓരോ ജനിയിലും തുന്നിപ്പിടിപ്പിച്ച്
അവ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും.
കുറിഞ്ഞികളില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കാന്‍
മഞ്ഞുകാലത്തെ ഉപേക്ഷിച്ചവളേ,
തിളക്കുന്ന വെയിലില്‍ കുളിരുകൊണ്ടവളേ,
കര്‍ക്കിടകരാവുകളില്‍
മിന്നല്‍പിണരായവളേ,
നിനക്കറിയുമോ,
പറിച്ചുനല്‍കപ്പെട്ട ചെവി
ബുദ്ധന്റെ പാതികൂമ്പിയ കണ്ണുകള്‍പോലെ
ഭൂമിയിലേക്കുംവെച്ച് ഏറ്റവും
വിലപ്പെട്ടതാണ്.
നിന്നെ അടയാളപ്പെടുത്താന്‍
ഇതല്ലാതെ മറ്റെന്താണ്
ഞാന്‍ കണ്ടെത്തേണ്ടത്?
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂവേ,
നിന്റെ ഓരോ ഋതുവിലും ഞാനുണ്ട്;
ചെമ്പാലപൂക്കും ഗന്ധം പോലെ.
നിനക്കുമാത്രം പരിചിതമായ
ഒരു ശൈത്യഭാഷയായി
ഞാന്‍ നിന്നില്‍
ലയിച്ചുജീവിക്കുന്നു.
എനിക്കുറപ്പുണ്ട്,
ഓരോശ്വാസമാത്രയും
നിനക്കെന്നെ വായിക്കാനാവുന്നുണ്ട്,
കേള്‍ക്കാനാവുന്നുണ്ട്.
അകലെ നമ്മുടെ
വയോവൃദ്ധന്‍
നമുക്കായി പാടുന്നുണ്ട്...
'യാഹുദാ... യാഹുദാ...'

No comments:
Post a Comment