നീയെവിടെയാണ്...??
മരിച്ച ഞാന്‍ ഇവിടുണ്ട്...
മുനപോയ കത്തിയുടെ
പുരാവൃത്തമായി
ശോഷിച്ചൊരു "കൈപ്പിടി"യായി
ഞാനിവിടെ അവശേഷിക്കുന്നുണ്ട്.
തിരിച്ചറിയും മുമ്പേ
ചെറുതായി നുറുങ്ങിയ
ഒരു പച്ചിറച്ചിക്കഷ്ണം
പിടക്കണുണ്ട്.
ഹൃദയമല്ലത്.
തരിമ്പുമല്ലത്.
ഒരു പരാജിത
നെടുവീര്‍പ്പാണത്.
ഇരുദളങ്ങളുള്ള
അമിഗ്ദലങ്ങള്‍.
ഒസ്യത്തായി
നല്‍കപ്പെട്ടത്.
തിരികെ നടക്കാനാവാത്തവിധം
ഏതോ ദൂരത്തെത്തി
നില്‍ക്കുകയാണോ നമ്മള്‍ ?
ഈ വെയിലാഴിയില്‍...
ഏതുമേഘമാണ്
ഒരു നിഴല്‍ തണുപ്പേകാനുള്ളത്?
നിറങ്ങളില്ലാതെ
ചത്തുമലച്ചൊരു
മാനത്തുകണ്ണിയാണു ഞാന്‍...
തിളക്കം നഷ്ടപ്പെട്ട്,
തുടിപ്പു നിലച്ചുപോയ
കണ്‍കളില്‍
പരന്നുകിടക്കുന്നുണ്ട്
നീലിച്ച
നിറം മങ്ങിയ
ഒരു നിഴല്‍.
എവിടെയാണ് നീ?
കണ്‍കോണില്‍
ഒരു ഈര്‍ഷ്യനോട്ടം
നിന്നില്‍ തികട്ടിയോ?
മടിക്കണ്ട,
മാനത്തുകണ്ണി
ചത്തേപോയ്.
തുരുമ്പിച്ച കത്തിത്തണുപ്പില്‍
പിടിയുടെ ശേഷക്രിയകള്‍.
വാക്ക്
ചിരി
കവിത
പിന്നെ
രാഷ്ട്രീയം
അല്‍പം എടുത്തുചാട്ടം
ചില കള്ളങ്ങള്‍
ചില സത്യസന്ധതകള്‍
എല്ലാം കൂട്ടിയിട്ട് ഒരു
ചതിച്ചിത.
പിണക്കമോ പ്രണയമോ പരിഭവമോ
അങ്കലാപ്പോ വേവലാതിയോ
ഒന്നുമൊന്നുമില്ലാത്ത
ഗുഹയിലേയ്ക്കിനി മടക്കം.
യക്ഷിയും റൂമിയും
കണാമറയത്ത്
പാടലവര്‍ണമായ്
മാഞ്ഞുമാഞ്ഞ്
പോകുമ്പോള്‍
ഇനിയീ അമിഗ്ദലങ്ങള്‍
കരിയിലപോലെ
കനമില്ലാതെ
ചീഞ്ഞുകിടക്കും
ആത്മാവ് നഷ്ടപ്പെട്ടൊരു
നിലാവുപോലെ
ഈ മണ്ണിനടിയില്‍.
ഏതോ കോണില്‍
ഇളം കാറ്റില്‍
മാറ്റൊലിക്കൊണ്ടോ?
"എവിടെയാണ് നീ..."

No comments:
Post a Comment